പാർട്ടിയിൽ അവസരങ്ങൾ കുറയുന്നു; ഇടഞ്ഞ് ചെന്നിത്തല

അടുപ്പമുള്ള നേതാക്കളുമായി ചർച്ച ചെയ്ത് വരും ദിവസങ്ങളിൽ തന്‍റെ പ്രതികരണം അറിയിക്കാനാണ് ചെന്നിത്തലയുടെ തീരുമാനം
പാർട്ടിയിൽ അവസരങ്ങൾ കുറയുന്നു; ഇടഞ്ഞ് ചെന്നിത്തല

#സ്വന്തം ലേഖകൻ

തിരുവനന്തപുരം: പല ഘട്ടങ്ങളിലായി പാർട്ടിയിൽ തനിക്കെതിരേയുണ്ടാകുന്ന നീക്കങ്ങളിൽ കടുത്ത അതൃപ്തിയിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്ന പരാതിയോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ വിരുന്നിൽ പങ്കെടുക്കാതെ അദ്ദേഹം ഇറങ്ങിപ്പോയിരുന്നു.

പിന്നാലെ, അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമം ആരംഭിച്ചു. അടുത്തു നിൽക്കുന്ന നേതാക്കൾ ഇടപെട്ടതോടെ വിഷയത്തിൽ എതിർപ്പുണ്ടായെങ്കിലും നീരസം പ്രകടമാക്കാതെയാണ് അദ്ദേഹം ഇന്നലെ നിയമസഭയിൽ എത്തിയത്. കെപിസിസി ഭാരവാഹികളാരും അദ്ദേഹത്തെ ബന്ധപ്പെടാത്തതിൽ ചെന്നിത്തലയെ അനുകൂലിക്കുന്നവർക്കും അതൃപ്തിയുണ്ട്. അടുപ്പമുള്ള നേതാക്കളുമായി ചർച്ച ചെയ്ത് വരും ദിവസങ്ങളിൽ തന്‍റെ പ്രതികരണം അറിയിക്കാനാണ് ചെന്നിത്തലയുടെ തീരുമാനം.

വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെയാണ് വൈകിട്ട് കന്‍റോൺ‌മെന്‍റ് ഹൗസില്‍ യുഡിഎഫ് ഏകോപന സമിതി യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് വിലയിരുത്തലായിരുന്നു യോഗത്തിന്‍റെ മുഖ്യ അജൻഡ. രാഹുൽ ഗാന്ധിയൊഴികെയുള്ള എംപിമാരടക്കം പ്രധാന നേതാക്കളെല്ലാം യോഗത്തില്‍ സംസാരിച്ചെങ്കിലും യുഡിഎഫിന്‍റെ ക്യാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്നിട്ടും ചെന്നിത്തലയ്ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നാണ് പരാതി. എന്നാൽ, യോഗത്തിൽ സംസാരിക്കാൻ ചെന്നിത്തലയ്ക്ക് അവസരമുണ്ടായിരുന്നെന്നും കോൺഗ്രസിൽനിന്ന് 5 പേർ മുന്നണി യോഗത്തിൽ സംസാരിച്ചുവെന്നുമാണ് മറുപക്ഷം വിശദീകരിക്കുന്നത്. മാത്രമല്ല, ദൂരയാത്ര കണക്കിലെടുത്ത് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ യോഗം കഴിഞ്ഞതിന് പിന്നാലെ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങിയിരുന്നുവെന്നും യോഗത്തിലോ പുറത്തോ ചെന്നിത്തല ഏതെങ്കിലും തരത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ചില്ലെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്‍റെ വിശദീകരണം.

അതേസമയം, കഴിഞ്ഞ യുഡിഎഫ് യോഗവും ചെന്നിത്തലയെ അറിയിച്ചില്ലെന്നും പരാതിയുണ്ട്. പ്രതിപക്ഷ നേതാവാകാനുള്ള തന്‍റെ യോഗ്യത കണക്കിലെടുക്കാതെ യുവ എംഎൽഎമാരുടെ നിർദേശം മാത്രം കണക്കിലെടുത്ത് പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ നിയമിച്ചതു മുതലേ ചെന്നിത്തലയും അനുയായികളും അതൃപ്തിയിലായിരുന്നു. പിന്നാലെ അദ്ദേഹത്തെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താതിരുന്നതും പഴയ ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചു.

39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്ന് 3 നേതാക്കളായിരുന്നു ഇടംപിടിച്ചത്. കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, എ.കെ. ആന്‍റണി എന്നിവരാണ് പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായുമാണ് പ്രഖ്യാപിച്ചത്. കാലങ്ങൾക്ക് മുമ്പേ ഇതേ പദവിയിലുണ്ടായിരുന്ന ചെന്നിത്തലയെ ഒതുക്കിയതാണെന്നാണ് അന്ന് ഉയർന്ന പരാതി.

അതൃപ്തി പരസ്യമായി പ്രകടപ്പിച്ചുവെങ്കിലും പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഉൾപ്പടെയുള്ള നിർണായക ഘട്ടത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത് ഗുണകരമാവില്ലെന്ന് കണ്ടാണ് കടുത്ത തീരുമാനത്തിലേക്ക് ചെന്നിത്തല കടക്കാതിരുന്നത്. എന്നാൽ, പുതിയ രാഷ്‌ട്രീയ സാഹചര്യം കൂടി കണക്കിലെടുത്ത് അദ്ദേഹം എന്ത് നിലപാടാണ് സ്വീകരിക്കാനൊരുങ്ങുന്നത് എന്നു കണ്ടറിയണം.

Trending

No stories found.

Latest News

No stories found.