
തിരുവനന്തപുരം: തപാൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയെന്ന ജി. സുധാകരന്‍റെ വിവാദ പ്രസംഗത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സാധാരണ സിപിഎം ചെയ്യുന്ന പണിയാണ് കള്ളവോട്ടെന്നും കള്ളവോട്ടിനെ ജനാധിപത‍്യ വോട്ടെന്നാണ് സിപിഎം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജി. സുധാകരൻ പറഞ്ഞ കാര‍്യങ്ങൾ കേസെടുക്കുമെന്ന് ആയപ്പോഴാണ് തന്‍റെ ഭാവനയായിരുന്നുവെന്ന് തിരുത്തി പറഞ്ഞതെന്നും കള്ള വോട്ട് തടയണമെങ്കിൽ ആധാറുമായി ലിങ്ക് ചെയ്യാതെ സാധ‍്യമല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.
കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു ആലപ്പുഴയിൽ സിപിഎമ്മിനായി മത്സരിച്ച കെ.വി. ദേവദാസിനു വേണ്ടി തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ സുധാകരൻ നടത്തിയത്.
വെളിപ്പെടുത്തൽ നടത്തിയതിന്‍റെ പേരിൽ തനിക്കെതിരേ കേസെടുത്താലും കുഴപ്പമില്ലെന്ന് സുധാകരൻ പറഞ്ഞിരുന്നു.