

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പിഎസ്‌സി പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് ശേഷമുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പുതിയ റാങ്ക് ലിസ്റ്റിൽ പരാതിക്കാരനായ ശ്യാം കൃഷ്ണനാണ് ഒന്നാം റാങ്ക്. മുമ്പ് ഒന്നാം റാങ്കിലുണ്ടായിരുന്ന അരുൺ ജെ. പ്രതാപ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നുവർഷത്തെ നിയമനടപടികൾക്കൊടുവിലാണ് ലിസ്റ്റ് പുറത്തുവന്നത്.
പിഎസ്‌സി ഇൻഫ്രാസ്ട്രക്ചർ ഇന്റസ്ട്രി വിഭാഗം തലവൻ തസ്തികയിലേക്കായിരുന്നു പരീക്ഷ നടന്നത്. ഒരു ഒഴിവു മാത്രമാണ് ഉണ്ടായിരുന്നത്. പുനഃമൂല്യനിർണയത്തിനുശേഷം ഒന്നാം റാങ്കിലേക്കെത്തിയ ശ്യാമിന് 78.5 മാർക്കും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അരുണിന് 64.25 മാർക്കുമാണ് ലഭിച്ചത്.
ആദ്യ ലിസ്റ്റ് വന്നതിനു പിന്നാലെ വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പ് എടുത്തപ്പോൾ 58 മാർക്കിന്‍റെ ചോദ്യങ്ങളുടെ മൂല്യ നിർണം നടത്തിയിട്ടില്ലെന്ന് മനസിലായി. തുടർന്നാണ് ശ്യാം നിയമപോരാട്ടം നടത്തിയത്. പേപ്പറിലെ ഒൻപതുമുതൽ 18 വരെയുള്ള 10 ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് മൂല്യനിർണം ചെയ്യാതിരുന്നത്. വിട്ടുപോയ ഈ ചോദ്യങ്ങൾ കൂടി പുനർമൂല്യ നിർണം നടത്തിയതോടെയാണ് ശ്യാം ഒന്നാം റാങ്ക് നേടിയത്.
സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിതലത്തിൽ ഉയർന്ന നിലയിലുള്ള തസ്തികയ്ക്ക് 2022-ലാണ് വിജ്ഞാപനം വന്നത്. 1,23,700-1,66,800 ആണ് ശമ്പളസ്കെയിൽ. 2023 ജൂലായിൽ പരീക്ഷ നടത്തി. 2025 ഫെബ്രുവരിയിൽ ചുരുക്കപ്പട്ടികയും അതിൽ ഉൾപ്പെട്ടവർക്ക് അഭിമുഖം നടത്തി ആ വർഷം മേയ് 31-ന് റാങ്ക്പട്ടികയും പ്രസിദ്ധീകരിച്ചു. ഒരു ഒഴിവിലേക്ക് 2025 ജൂൺ 23-ന് ഒന്നാംറാങ്കുകാരന് നിയമനശുപാർശയും അയച്ചു. മൂല്യനിർണയത്തിൽ പരാതിയുള്ളവർ ഉത്തരക്കടലാസിന്റെ പകർപ്പിന് അപ്പോൾത്തന്നെ അപേക്ഷ നൽകിയെങ്കിലും ഒരു വർഷത്തോളമെടുത്താണ് പി.എസ്.സി. അതുനൽകിയത്.