
എം.വി. ഗോവിന്ദൻ
കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായ രവദ ചന്ദ്രശേഖറെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൂത്തുപറമ്പ് വെടിവയ്പ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട ആളല്ല രവദ ചന്ദ്രശേഖറെന്നും, ആദ്യം പ്രതിയായിരുന്നെങ്കിലും പിന്നീട് പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടയാളാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പൊലീസ് മേധാവിയായി വരാന്‍ പറ്റിയ ആള്‍ എന്ന നിലയിലാണ് അദ്ദേഹത്തെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. സിപിഎമ്മിന് വേറെയൊന്നും പറയാനില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
കേസില്‍ വന്നതുകൊണ്ട് മാത്രം ശിക്ഷിക്കപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു. പിന്നീട് അദ്ദേഹത്തെ പ്രതിചേര്‍ക്കുന്നതില്‍ കാര്യമില്ലെന്ന് കോടതി കണ്ടെത്തി. അതോടെ ഒഴിവാക്കുകയാണ് ഉണ്ടായതെന്നും ഗോവിന്ദന്‍.
രവദ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ സാങ്കേതികമായ എന്തെങ്കിലും തടസം ആരും ഉന്നയിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ആരോപണമായി ഉന്നയിക്കുന്നത്, കൂത്തുപറമ്പ് വെടിവയ്പ്പുമായി ബന്ധപ്പെട്ട സന്ദര്‍ഭത്തില്‍ അവിടെ ഉണ്ടായിരുന്ന ഒരാളാണ് എന്നാണ്.
സംഭവത്തിനു രണ്ടുദിവസം മുന്‍പാണ് ഐപിഎസ് പരിശീലനം കഴിഞ്ഞ് രവദ ചന്ദ്രശേഖർ തലശേരിയില്‍ ജോലിക്കു കയറുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് ഇതില്‍ കാര്യമായ പരിചയമോ പ്രദേശത്തെക്കുറിച്ചുള്ള അറിവോ ഇല്ലായിരുന്നുവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.