
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ ആർസി ബുക്കുകൾ പൂർണമായും ഡിജിറ്റലൈസേഷനിലേക്ക് മാറും. മാർച്ച് ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരുക. മോട്ടർ വാഹന വകുപ്പ് ആധുനികവത്ക്കരിക്കുന്നതിന്‍റെ ഭാഗായാണ് നടപടി. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്.
വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി വാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഇനിമുതൽ ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതിന് മുന്നോടിയായി ഫെബ്രുവരി മാസത്തിനുളളിൽ എല്ലാ വാഹന ഉടമകളും ആർസി ബുക്കുമായി ഫോൺ നമ്പർ ബന്ധിപ്പിക്കണമെന്നും ഗതാഗത വകുപ്പ് നിർദേശം നൽകുന്നുണ്ട്.
ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നൽകേണ്ടതെന്നും ഗതാഗത കമ്മീഷണര്‍ എച്ച്. നാഗരാജു പറഞ്ഞു. ഓൺലൈൻ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപ്ഡേറ്റ് ചെയ്യാം.
ഇത്തരത്തില്‍ ബന്ധപ്പെടുത്തിയില്ലെങ്കില്‍ ഉടമയുടെ അനുവാദം കൂടാതെ ആര്‍ക്കു വേണമെങ്കിലും വിവരങ്ങള്‍ മാറ്റാൻ കഴിയും. ആധാറില്‍ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തിയാല്‍ വാഹന ഉടമയ്ക്കു ലഭിക്കുന്ന ഒടിപി ഉപയോഗിച്ചു മാത്രമേ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താന്‍ കഴിയുകയുള്ളു.