

ശബരിമല സ്വർണകൊള്ള; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയിൽ
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. കേരളാ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു.
നിലവിൽ സംസ്ഥാന പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ കേസേറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചത്.
ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ മറ്റൊരു കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. സ്വർണക്കൊള്ളക്കേസിലെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ കൊല്ലം വിജിലൻസ് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.