ഇത് ഡിസംബറിലെ തണുപ്പല്ല, അത് ഇങ്ങനെയല്ല; കേരളം വിറയ്ക്കുന്നു!!

രാവിലെയെന്നും രാത്രിയെന്നും വ്യത്യാസമില്ലാതെയാണ് കേരളത്തിലിപ്പോൾ തണുപ്പ് അനുഭവപ്പെടുന്നത്

കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിൽ അനുഭവപ്പെടുന്നത് അസാധാരണ തണുപ്പാണ്. രാവിലെയെന്നോ ഉച്ചയെന്നോ വ്യത്യാസമില്ലാതെ തണുത്തു വിറയ്ക്കുകയാണ്. ഡിസംബർ ഇങ്ങടുത്തില്ലെ, മഞ്ഞുകാലമല്ലെ.. അതാവും എന്ന് കാരണം കണ്ടെത്തിയവർക്ക് തെറ്റി. സംഭവം ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ ഭാഗമാണ്.

കാലാവസ്ഥ വകുപ്പ് പറയുന്നതനുസരിച്ച് ശ്രീലങ്കൻ തീരം കടന്ന് ഇന്ത്യൻ തീരത്തേക്ക് എത്തിയ ഡിറ്റ് വാ ചുഴലിക്കാറ്റാണ് ഈ തണുപ്പൻ കലാവസ്ഥയ്ക്ക് പിന്നിലെന്നാണ്. ചുഴലിക്കാറ്റിന്‍റെ ഭാഗമായെത്തിയ മേഘങ്ങൾ കേരളത്തിനുമുകളിൽ രണ്ടു ദിവസമായി നിലയുറപ്പിച്ചിരുന്നു. ഇതാണ് ഈ തണുത്ത കാലാവസ്ഥയ്ക്ക് കാരണം.

ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ പരിധിക്ക് പുറത്താണ് കേരളം. എന്നാൽ ചുഴലിക്കാറ്റിന്‍റെ ഭാഗമായി കേരളത്തിലേക്ക് നിരവധി മേഘങ്ങൾ എത്തുന്നുണ്ട്. ഈ മേഘങ്ങൾ മൂലം സൂര്യപ്രകാശം ഭൂമിയിൽ പതിക്കുന്നതിന്‍റെ തോത് കുറവാണ്. അതുകൊണ്ടുതന്നെ അന്തരീക്ഷം ചൂടുപിടിക്കുന്നില്ല. ഇതാണ് പകലും രാത്രിയും താപനില കുറഞ്ഞു നിൽക്കാൻ കാരണം.

ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ ഔട്ടർ ബാന്‍റുകൾ ഈർപ്പത്തെ കേരളത്തിനു മുകളിലേക്ക് എത്തിക്കുന്നതും തണുപ്പിന് കാരണമാണ്. ഔട്ടർ ബാന്‍റിലായതിനാലാണ് മൂടിക്കെട്ടി നിന്നിട്ടും കേരളത്തിൽ മഴ ലഭിക്കാത്തതിനും കാരണം. കൂടാതെ കേരളത്തിലേക്ക് ഉത്തരേന്ത്യൻ വരണ്ട കാറ്റിന്‍റെ സ്വാധീനവുമുണ്ട്.

കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ ഇപ്പോഴും മൂടിക്കെട്ടിയ അന്തരീക്ഷം തുടരുകയാണ്. അതേസമയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ടോടെ മേഘങ്ങൾ മാറിത്തുടങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com