

സംസ്‌കൃതമറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി കൊടുക്കാൻ ശുപാർശ
file image
തിരുവനന്തപുരം: സംസ്കൃത ഭാഷയിൽ ഒരു പ്രവീണ്യവുമില്ലാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ കേരള സർവകലാശാലയിൽ ശുപാർശ. മൂല്യനിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍റെ ആ ശുപാര്‍ശ റദ്ദാക്കണമെന്ന് സർവകലാശാലാ ഓറിയന്‍റൽ ഭാഷാ ഡീനും സംസ്കൃത വകുപ്പ് മേധാവിയുമായ ഡോ. സി.എൻ. വിജയകുമാരി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മല്ലിന് കത്തു നൽകി.
വിപിന്‍ വിജയൻ എന്ന എസ്എഫ്ഐക്കാരന് ഡോക്റ്ററേറ്റ് നൽകാനുള്ള ശുപാർശ ഒന്നിന് ചേരുന്ന സിൻഡിക്കറ്റ് യോഗം പരിഗണിക്കാനിരിക്കെയാണ് അതു തടയണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. പിഎച്ച്ഡി നൽകുന്നതിനു മുന്നോടിയായി 15ന് നടന്ന ഓപ്പൺ ഡിഫൻസിലാണ് പ്രബന്ധം മൂല്യനിർണയം നടത്തിയവർ ശുപാർശ ചെയ്തത്.
എന്നാൽ, പ്രബന്ധം സംബന്ധിച്ച ഒരു ചോദ്യത്തിനു പോലും ഈ വിദ്യാർഥിക്ക് ഇംഗ്ലീഷിലോ സംസ്കൃതത്തിലോ മലയാളത്തിലോ മറുപടി നൽകാൻ കഴിഞ്ഞില്ലെന്നും, ഓൺലൈനായി ചോദ്യം ചോദിച്ചവരെ വിദ്യാർഥി ഫോൺ വഴി പുറത്താക്കിയെന്നും, വീണ്ടും ചോദ്യം ഉന്നയിക്കാനുള്ള അവസരം നിഷേധിച്ചെന്നും ഡീനിന്‍റെ കത്തിൽ പറയുന്നു. വിദ്യാർഥിക്ക് ഈ വിഷയത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഓൺലൈനിൽ പങ്കെടുത്തവർ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഡീൻ ചൂണ്ടിക്കാട്ടി. ഓപ്പണ്‍ ഡിഫന്‍സില്‍ ഡോക്റ്ററല്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എന്ന നിലയില്‍ ഡീൻ ആദ്യാവസാനം പങ്കെടുത്തിരുന്നു.
കൃത്യമായി ഒരു ചോദ്യത്തിനു പോലും മറുപടി നൽകാത്ത വിദ്യാർഥി ഇംഗ്ലീഷിൽ തെറ്റില്ലാതെ പ്രബന്ധം എഴുതിയതിൽ ദുരൂഹതയുണ്ട്. ആ പ്രബന്ധം ഗവേഷണ പ്രബന്ധത്തിന്‍റെ സ്വഭാവത്തിലുള്ളതല്ല- ഡീനിന്‍റെ കത്തിൽ പറയുന്നു. ചട്ടമ്പിസ്വാമികളെ കുറിച്ച് "സദ്ഗുരു സർവസ്വം: ഒരു പഠനം' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രബന്ധം. അതിൽ ഏറ്റവും സുപ്രധാനമായ ഗവേഷണ രീതിശാസ്ത്രത്തിലും കണ്ടെത്തലുകളിലും പിഴവുകളുണ്ട്. അവ തിരുത്താതെ പിഎച്ച്ഡി നൽകരുതെന്നും കത്തിലുണ്ട്.
വിദ്യാർഥി സംഘടനാ നേതാക്കൾ രാഷ്‌ട്രീയ സ്വാധീനത്തിന്‍റെ മറവിൽ ഉന്നത ബിരുദങ്ങൾ നേടുന്നതായ ആക്ഷേപം വ്യാപകമായിരിക്കെ, സർവകലാശാല പരമോന്നത ബിരുദം നൽകും മുമ്പ് ഡീൻ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി വൈസ് ചാൻസലർക്കു നിവേദനം നൽകി. എന്നാൽ, തനിക്കെതിരായ കത്തിനു പിന്നിൽ വ്യക്തിവിരോധമാണെന്ന് വിപിൻ വിജയൻ പ്രതികരിച്ചു.