

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
കണ്ണൂർ സെൻട്രൽ ജയിൽ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയവെയാണ് സംഭവം.
ചൊവ്വാഴ്ച രാവിലെയാണ് ജിൽസന്‍റെ സെല്ലിനുള്ളിൽ രക്തം ഉള്ളതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. പരിശോധനയിൽ ജിൽസണെ കഴുത്തു മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇയാൾ മുൻപും ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്. കഴുത്തു മുറിക്കാനുള്ള ആയുധം എവിടെ നിന്നാണ് ഇയാൾക്ക് ലഭിച്ചതെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.