

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. സ്ഥിരം കുറ്റവാളിയാണ് രാഹുലെന്നും ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ അതിജീവിതമാരെ അപായപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ‍്യതയുണ്ടെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
വിവാഹ വാഗ്ദാനം നൽകി യുവതിയെ തിരുവല്ലയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മൊബൈൽ ഫോണിന്‍റെ ലോക്ക് ഉൾപ്പടെ മാറ്റാൻ ശ്രമിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
നിലവിൽ 14 ദിവസത്തേക്കാണ് രാഹുലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. മാവേലിക്കര സ്പെഷ‍്യൽ ജയിലിലേക്ക് രാഹുലിനെ മാറ്റും. എഫ്ഐആറിൽ രാഹുലിനെതിരേ ഗുരുതരമായ പരാമർശങ്ങളാണ് ഉള്ളത്. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും പുറത്തു വിടുന്നത് അതിജീവിതയുടെ ജീവനെ തന്നെ ബാധിക്കാമെന്നും പരാമർശിക്കുന്നു. മുൻപത്തേ കേസിൽ 10 ദിവസത്തോളം രാഹുൽ ഒളിവിൽ കഴിഞ്ഞതായും നിയമത്തെ കബളിപ്പിക്കുന്ന ആളാണെന്നും എഫ്ഐആറിൽ പരാമർശിക്കുന്നുണ്ട്.
ശനിയാഴ്ചയാണ് മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പത്തനംതിട്ട സ്വദേശിയാണ് പരാതിക്കാരി. ബലാത്സംഗം, ഗർഭഛിദ്രം അടക്കമുള്ള കുറ്ററങ്ങളാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നത്.