
ഗൈഡ് വയർ പുറത്തെടുക്കുന്നതിലൂടെ യുവതിയുടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യത: ആരോഗ്യ വിദഗ്ധർ
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നത് അപകട സാധ്യത ഏറെയാണെന്ന് ആരോഗ്യ വിദഗ്ധർ. ഗൈഡ് വയർ പുറത്തെടുത്താൽ യുവതിയുടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ടെന്നാണ് ഡോക്റ്റർമാർ വ്യക്തമാക്കുന്നത്. അപകട സാധ്യതയെക്കുറിച്ച് യുവതിയെ അറിയിക്കാനാണ് ആരോഗ്യ വിദഗ്ധരുടെ തീരുമാനം.
തിരുവനന്തപുരം കട്ടാക്കട സ്വദേശി സുമയയാണ് 2023 മാർച്ച് 22 ന് തൈറേയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോ. രാജിവ് കുമാറാണ് യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നതോടെ രക്തവും മരുന്നും നൽക്കുന്നതിനായി സെൻട്രൽ ലൈനിടുകയായിരുന്നു.
ഇതിന്‍റെ ഗൈഡ് വയറാണ് യുവതിയുടെ നെഞ്ചിൽ കുടുങ്ങിയത്. തുടർന്ന് നെഞ്ചിൽ കുടുങ്ങിയ വയർ എടുക്കാതെയിരുന്നതോടെ യുവതിക്ക് ശാരീരിക ബുദ്ധിമുട്ട് നേരിടേണ്ടി വരുകയായിരുന്നു. തുടർന്നാണ് ശ്രീചിത്ര ആശുപത്രിയിൽ യുവതി ചികിത്സ തേടിയത്. ഇവിടെ നടത്തിയ എക്സ്റേയിലൂടെയാണ് വയർ നെഞ്ചിൽ കുടുങ്ങിയ വിവരം അറിയുന്നത്.