

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചു തീർത്തവർക്കു മാത്രമേ ഇനി മുതൽ വാഹനങ്ങളുടെ ഇൻഷ്വറൻസ് പുതുക്കി നൽകൂ എന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതിനായി ഇൻഷ്വറൻസ് കമ്പനികളുമായി ചർച്ച നടത്തും.
എഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം വാഹനാപകടങ്ങളുടെയും മരണത്തിന്റെയും എണ്ണം ഗണ്യമായി കുറഞ്ഞു. 2022 ജൂലൈയിൽ അപകടങ്ങളിൽ പരുക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. കഴിഞ്ഞ ജൂലൈയിൽ അത് 3,316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതൽ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനം കണ്ടെത്തി. 15,83,367 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി. 25 കോടി 81 ലക്ഷം രൂപ ഇ-ചെലാൻ വഴി കിട്ടി. ഓണ്‍ലൈന്‍ അപ്പീല്‍ നല്‍കാനുള്ള സംവിധാനം സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, വിഐപികളെ പിഴയിൽ നിന്ന് ഒഴിവാക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും മന്ത്രി ആന്റണി രാജു. ഗതാഗത നിയമലംഘനത്തിന് 29 ജനപ്രതിനിധികളുടെ വാഹനങ്ങള്‍ എഐ കാമറയില്‍ കുടുങ്ങി. ഒരു മാസത്തിനിടെ ക്യാമറയിൽ കുടുങ്ങിയത് 19 എംഎല്‍എമാരും 10 എംപിമാരുമാണ്. ഇക്കൂട്ടത്തിൽ 328 സര്‍ക്കാര്‍ വാഹനങ്ങളുമുണ്ട്. ഇതിൽ ഒരു എംപി 10 തവണയും ഒരു എംഎല്‍എ 7 തവണയുമാണ് നിയമ ലംഘനം നടത്തിയിരിക്കുന്നത്. ഇവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.