വോട്ടെണ്ണലിനു ശേഷം കോൺഗ്രസ് പുനഃസംഘടന

അതേസമയം പാർട്ടിക്കുള്ളിൽ കെ. സുധാകരൻ - എം.എം. ഹസൻ പോര് തുടരുകയാണ്
Reorganization of Congress after counting of votes
congress

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ കോൺഗ്രസ്. കെപിസിസി, ഡിസിസി തലത്തിൽ പൂർണമായ പൊളിച്ചെഴുത്താണ് ലക്ഷ്യം. പുതുമുഖങ്ങൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും പരിഗണന നൽകുമെന്നാണ് വിവരം.

പ്രവർത്തനം മോശമായ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരെ മാറ്റും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തെ പ്രവർത്തനമാകും പുനഃസംഘടനയിൽ പരിഗണിക്കുക. കെ. സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിന് വിടാനാണ് നിലവിലെ ധാരണ. എന്നാൽ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. തത്കാലം പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ തീരുമാനം.

അതേസമയം പാർട്ടിക്കുള്ളിൽ കെ. സുധാകരൻ - എം.എം. ഹസൻ പോര് തുടരുകയാണ്. കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.എ. ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയ സുധാകരനെതിരേ ഗ്രൂപ്പുകൾക്കുള്ളിൽ കടുത്ത അമർഷമുള്ളതായാണ് വിവരം. പക്ഷേ, വിട്ടുവീഴ്ച വേണ്ടെന്നും നടപടിക്ക് പിന്തുണ ലഭിക്കുമെന്നാണ് സുധാകര പക്ഷത്തിന്‍റെ നിലപാട്.

പുനഃസംഘടനയിൽ കെപിസിസി അധ്യക്ഷനെ ഉൾപ്പടെ മാറ്റണമെന്ന നിർദേശമാണ് എഐസിസിക്ക് മുന്നിൽ കേരളത്തിലെ എ, ഐ ഗ്രൂപ്പ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പ്രാദേശികമായി പുതിയ പ്രവർത്തകർക്കു പാർട്ടിലേക്ക് അംഗത്വം നൽകാനും ജനകീയരായ പ്രാദേശിക നേതാക്കൾക്ക് സ്ഥാനാർഥിത്വം കൊടുക്കാനുമാണ് നീക്കം.

വിവിധ മണ്ഡലങ്ങളിൽ പ്രവർത്തനം മോശമായിരുന്നെന്ന വിമർശനം സ്ഥാനാർഥികൾ തന്നെ ഉയർത്തിയിരുന്നു. വീഴ്ച വരുത്തിയവരെ കണ്ടെത്തി നടപടിക്ക് ശുപാർശ ചെയ്യാൻ താഴേത്തട്ടിൽ നിർദേശം നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.