ലോക്‌നാഥ് ബെഹ്‌റയുടെ കാലത്തെ ക്യാമറ ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് ആദ്യം പുറത്തുവിടണം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ക്യാമറ കരാറിലെ തുക ഉയര്‍ത്തണമെന്ന് ബഹ്‌റ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ഇത്രയും കാലമായിട്ടും അതില്‍ തുടരന്വേഷണം നടത്തുകയോ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു
ലോക്‌നാഥ് ബെഹ്‌റയുടെ കാലത്തെ ക്യാമറ ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് ആദ്യം പുറത്തുവിടണം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കാലത്തെ ക്യാമറ ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് ആദ്യം പുറത്തുവിടണമെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. അന്ന് പാനാസോണിക് ക്യാമറ വാങ്ങിയതില്‍ ലോക്‌നാഥ് ബഹ്‌റയുടെ പങ്ക് വ്യക്തമാക്കുന്ന സിആന്റ് എജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ക്യാമറ കരാറിലെ തുക ഉയര്‍ത്തണമെന്ന് ബഹ്‌റ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ഇത്രയും കാലമായിട്ടും അതില്‍ തുടരന്വേഷണം നടത്തുകയോ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഹൈക്കോടതി റിട്ട. ജഡ്ജി സി.എന്‍ രാമചന്ദ്രന്‍ നായരും മുന്‍ ഡിജിപി ജേക്കബ് പുന്നൂസുമാണ് അന്ന് ഇതെക്കുറിച്ച് അന്വേഷിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. എഐ ക്യാമറ വിവാദം വന്നപ്പോള്‍ പഴയത് ചൂണ്ടികാട്ടി തന്നെ കൂടി ഉള്‍പ്പെടുത്താന്‍ മന്ത്രി പി. രാജീവ് വളഞ്ഞവഴിക്ക് ശ്രമിച്ചു. അതു കൊണ്ട് സത്യം പുറത്ത് വരേണ്ടത് തന്റെ കൂടി ആവശ്യമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 10 വര്‍ഷം മുന്‍പ് 40 ലക്ഷം രൂപയ്ക്ക് ക്യാമറ വാങ്ങിയെന്നാണ് മന്ത്രി ആരോപിച്ചത്. അതിനാല്‍ ശരിയായ അന്വേഷണം നടക്കണം. എല്ലാ ഇടപാടുകളും അന്വേഷിക്കണം.

മടിയില്‍ കനമില്ലാത്തതിനാല്‍ ഭയമില്ല. പക്ഷേ വിജിലന്‍സ് അന്വേഷണം വേണ്ട. പൊലീസിലെ ഉന്നതനെതിരെ കീഴ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് എല്ലാവര്‍ക്കും അറിയാം. എഐ ക്യാമറ വിവാദത്തിലെ അന്വേഷണം പ്രഹസനമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കീഴുദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏല്‍പ്പിച്ചാല്‍ ഒരിക്കലും സത്യം തെളിയില്ല. ജുഡിഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ അറിയിക്കണം. അന്വേഷണ ഉദ്യോഗസ്ഥനെ ഒപ്പമിരുത്തി മന്ത്രി വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ തന്നെ അന്വേഷണം എവിടെ പോകുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇപ്പോഴത്തെ ഇടപാടൊന്നും ഗതാഗതമന്ത്രി അറിയണമെന്നില്ല. മന്ത്രിമാര്‍ ആരും തന്നെ ഒന്നും അറിയാറില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com