
എ.എം. സജിത് (പ്രസിഡണ്ട്) | അബ്ദുൾ ഗഫൂർ (ജനറൽ സെക്രട്ടറി
കോട്ടയം: ഉദ്യോഗക്കയറ്റത്തിൽ സംവരണം ഉടനടി നടപ്പിലാക്കണമെന്ന് കേരളത്തിലെ ബധിര, സർക്കാർ ജീവനക്കാരുടെ സംഘടനയായ ഡഫ് എംപ്ളോയീസ് ഫോറം. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിലാണ് ഫോറം ആവശ്യം ഉന്നയിച്ചത്.
പാർലമെന്‍റ് പാസാക്കിയ ഭിന്നശേഷി അവകാശ സംരക്ഷണ നിയമത്തിൽ വ്യവസ്ഥ ചെയ്ത ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരുടെ ഉദ്യോഗ കയറ്റത്തിലുള്ള സംവരണം നടപ്പിലാക്കുന്നതിന് പലതവണ സൂപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും നാളിതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഫോറം ആരോപിച്ചു.
മറ്റു പല സംസ്ഥാനങ്ങളിലും വളരെ മുമ്പേ ഉദ്യോഗകയറ്റ സംവരണം നടപ്പിലാക്കിയെങ്കിലും കേരളത്തിൽ ഇതുവരെയും ഒരു വകുപ്പും പ്രാഥമിക നടപടികൾ പോലും പൂർത്തീകരിച്ചിട്ടില്ല. സംവരണം ഉടനടി നടപ്പിലാക്കുന്നതിന് സർക്കാരിലേക്ക് നിവേദനം നൽകുന്നതിനും നിയമ നടപടികൾ സ്വീകരിക്കുന്നതിനും മറ്റു സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ജനറൽ കൗൺസിൽ പ്രമേയം പാസാക്കി.
പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർ:
എ.എം. സജിത് (പ്രസിഡണ്ട്), അബ്ദുൾ ഗഫൂർ (ജനറൽ സെക്രട്ടറി), രശ്മി മോഹൻ, കെ. വിനുകുമാർ (വൈസ് പ്രസിഡണ്ട്). ജോയിന്‍റ് സെക്രട്ടറിമാർ: അരുൺകുമാർ (ട്രാവൻകൂർ), കെ.വി. ജോബിമോൻ (കൊച്ചി), കെ. ദികേഷ് (മലബാർ). ട്രഷറർ: വിപിൻ വർഗീസ്. സംഘടനയുടെ ചെയർമാനായി മുജിബ് റഹ്മാനെയും വൈസ് ചെയർമാനായി യൂസഫിനെയും അഡ്വൈസർ ആയി കെ.ബി. സന്തോഷ് കുമാറിനെയും യോഗത്തിൽ തെരഞ്ഞെടുത്തു.