

veena george
തിരുവനന്തപുരം: മെഡിക്കല്‍ കോളെജിലെ നിലത്ത് കിടത്തി ചികിത്സയെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഉൾക്കൊള്ളുന്നതിലും അധികം രോഗികൾ ആണ് മെഡിക്കൽ കോളെജുകളിൽ എത്തുന്നത്. ആശുപത്രികളിൽ സൗകര്യം കൂടുതൽ ഉറപ്പാക്കുകയാണ്. ഒരു രോഗിയെ പോലും തിരിച്ചയക്കുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രോഗികളെ ഉപേക്ഷിച്ച് കടന്നു കളയുന്നവർ ഉണ്ട്. അങ്ങനെ ഉപേക്ഷിക്കപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും.
റഫറൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. എല്ലാവരെയും മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിടരുത് ബെഡ് ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമേ, മെഡിക്കൽ കോളേജിലേക്ക് രോഗികളെ റഫർ ചെയ്യാവൂ എന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ നിന്ന് ധാരാളം രോഗികളെ മെഡിക്കൽ കോളെജിലേക്ക് എത്തിക്കുന്നുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
ഡോ.ഹാരിസിന്‍റെ വിമർശനത്തില്‍ മറുപടി പറയാൻ ഇല്ലെന്നും അദ്ദേഹത്തോട് തന്നെ ചോദിക്കൂ എന്നും മന്ത്രി പ്രതികരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് പ്രാകൃതമെന്ന് ഡോ ഹാരിസ് വിമർശിച്ചിരുന്നു.