result of the by-election shocked the UDF and the BJP
result of the by-election shocked the UDF and the BJP

യുഡിഎഫിനെയും ബിജെപിയെയും ഞെട്ടിച്ച് ഉപതെരഞ്ഞെടുപ്പ് ഫലം

സ്വന്തം ശക്തികേന്ദ്രങ്ങളിലെ പരമ്പരാഗത വാർഡുകൾ പോലും യുഡിഎഫിനെയും ബിജെപിയെയും കൈവിട്ടത് ഇരുകൂട്ടരെയും ഞെട്ടിച്ചു.

എം.ബി. സന്തോഷ്

തിരുവനന്തപുരം: പാർലമെന്‍റ് തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കവേ തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന്‍റെ ആത്മവിശ്വാസമുയർത്തി. അതേസമയം, സ്വന്തം ശക്തികേന്ദ്രങ്ങളിലെ പരമ്പരാഗത വാർഡുകൾ പോലും യുഡിഎഫിനെയും ബിജെപിയേയും കൈവിട്ടത് ഇരുകൂട്ടരെയും ഞെട്ടിച്ചു.

ക്ഷേമപെൻഷൻ കുടിശിക ആറു മാസത്തോളം മുടങ്ങിയത് തിരിച്ചടിയാവുമോ എന്ന സംശയം എൽഡിഎഫിനുണ്ടായിരുന്നു. മുഖ്യമന്ത്രിയേയും മകളെയും വളഞ്ഞുപിടിക്കാൻ കേന്ദ്ര ഏജൻസികൾ വലവിരിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പത്തെ സന്നാഹങ്ങളെയാണ് ഓർമപ്പെടുത്തിയത്. നവകേരള സദസ്സിലൂടെ 140 മണ്ഡലങ്ങളിലും സന്ദർശനം നടത്തിയ മന്ത്രിസഭ അതിനായി എൽഡിഎഫിന്‍റെ പ്രാദേശിക ഘടകങ്ങളെവരെ ചലിപ്പിച്ചത് തെരഞ്ഞെടുപ്പിൽ ഗുണകരമായി.

അതിനെതിരായ കോൺഗ്രസിന്‍റെ "കുറ്റവിചാരണ സദസ് ' ശുഷ്കമായി എന്നു മാത്രമല്ല, ഇപ്പോൾ നടന്നുവരുന്ന "സമരാഗ്നി' പോലും പ്രവർത്തകരെ ആവേശം കൊള്ളിക്കുന്നില്ലെന്നാണ് പരാതി. അത് ശരിവയ്ക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ മാനം കാത്തത് മുസ്‌ലിം ലീഗാണ്. 6 സിറ്റിങ് സീറ്റുകളും ലീഗ് നിലനിർത്തി. അതേസമയം 4 സീറ്റ് കൈവിട്ട കോൺഗ്രസ് 4 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു. ലോകസഭയിലേക്ക് മൂന്നാം സീറ്റിനു വേണ്ടി കോൺഗ്രസുമായി വിലപേശുന്ന മുസ്‌ലിം ലീഗിന് ഈ ഫലം കരുത്തേകും.

ഉപതെരഞ്ഞെടുപ്പ് നടന്ന ഏക കോർപ്പറേഷൻ വാർഡായ തലസ്ഥാനത്തെ വെള്ളാർ 20 വർഷം കോൺഗ്രസിന്‍റേതായിരുന്നു. കഴിഞ്ഞ തവണ ബിജെപി പിടിച്ച സീറ്റ് ആദ്യമായി എൽഡിഎഫിന്‍റെ കൈവശമെത്തുമ്പോൾ തിരുവനന്തപുരം പാർലമെന്‍റ് സീറ്റിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള കോൺഗ്രസിനും ബിജെപിക്കും അത് വെള്ളിടിയാണ്.

അതേസമയം, ആലപ്പുഴ വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാര്‍ തെക്ക് വാര്‍ഡിൽ ബിജെപി ഒരു വോട്ടിന് ജയിച്ചത് പ്രാദേശിക വിഭാഗീയതയിൽ വട്ടം കറങ്ങുന്ന സിപിഎമ്മിന് മുന്നറിയിപ്പാണ്. ബിജെപിക്ക് 251 വോട്ട് ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാർഥിക്ക് കിട്ടിയത് 250 വോട്ട്. സിപിഎം വിമതന് 179 വോട്ട് ലഭിച്ചു. ജില്ലാ സെക്രട്ടേറിയറ്റിലടക്കം സിപിഎം നടത്തിയ മുഖം മിനുക്കൽ ഫലിച്ചില്ലെന്നാണ് അതിന്‍റെ രണ്ടുദിവസം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പ് വിളിച്ചുപറയുന്നത്. ഇത് കഴിഞ്ഞ തവണ എൽഡിഎഫിന്‍റെ മാനം കാത്ത ആലപ്പുഴയിൽ തിരിച്ചടിയാകുമോ എന്നാണ് പ്രവർത്തകരുടെ ആശങ്ക.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com