കൊച്ചി: നടന്‍ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി രേവതി സമ്പത്ത് പൊലീസില്‍ പരാതി നല്‍കി. ഡിജിപിക്ക് ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. 2016 ൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. നടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിദ്ദിഖ് നേരത്തെ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.
സിദ്ദിഖിനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചെങ്കിലും പരാതി നല്‍കുന്ന കാര്യത്തില്‍ രേവതി അന്തിമ തീരുമാനം എടുത്തിരുന്നില്ല. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജി അജിത ബീഗം രേവതിയെ വിളിച്ച് കേസുമായി മുന്നോട്ട് പോകുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചയ്തിനു പിന്നാലെയാണ് നീക്കം. ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ രേവതി സമ്പത്തിനെതിരെ സിദ്ദിഖ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നുമായിരുന്നു സിദ്ദിഖിന്‍റെ പരാതി.