

നെല്ല് സംഭരണ ചുമതല സഹകരണ സംഘങ്ങളെ ഏൽപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണ ചുമതല സഹകരണ സംഘങ്ങളെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനം. ഇതിനായി ചീഫ് സെക്രട്ടറിയേയും വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. വരുന്ന സീസണിൽ തന്നെ സംവിധാനം നിലവിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം. സംഭരണത്തിന് തയാറായി വരുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും.
ജില്ല-താലൂക്ക് തലത്തിൽ സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കർഷകരുടെയും ഓഹരി പങ്കാളിത്തത്തിൽ നോഡൽ സഹകരണസംഘം രൂപീകരിക്കും.
നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകൾ വഴിയോ നെല്ല് സംസ്കരണം നടത്തണം. മികച്ച ഫണ്ട് ലഭ്യമല്ലാത്തതിനാൽ നെല്ല് സംഭരണത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത സഹകരണ സംഘങ്ങൾക്കായി കേരള ബാങ്കിന്‍റെ പ്രത്യേക സാമ്പത്തിക സഹായ വായ്പ പദ്ധതി രൂപീകരിക്കാനും തീരുമാനമായി. ജില്ലാതല ഏകോപന സമിതി ജില്ലാകളക്‌ടറുടെ അധ്യക്ഷതയിൽ രൂപീകരിക്കും. നെല്ല്, സംഭരണം, തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റൽ പോർട്ടൽ സംവിധാനം ഏർപ്പെടുത്താനും ധാരണയായി.