റിനി ആൻ ജോർജ്
''സ്ത്രീകളുടെ വിജയത്തിന്‍റെ തുടക്കം, സഹോദരിമാർക്ക് നീതി കിട്ടുന്നതിൽ സന്തോഷം'': റിനി ആൻ ജോർജ്
കൊച്ചി: എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തു വരുന്നതിന്‍റെ തുടക്കമാണിതെന്ന് നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്. രാഹുൽ വിഷയത്തിൽ പുതിയ സംഭവ വികാസങ്ങളാണിതെന്നും റിനി പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആദ്യമായി പരസ്യ പ്രതികരണം നടത്തിയ ആളാണ് റിനി ആൻ ജോർജ്. പിന്നാലെയാണ് മറ്റ് യുവതികൾ രാഹുലിനെതിരേ രംഗത്തെത്തിയത്.
സ്ത്രീകളുടെ വിജയത്തിന്‍റെ തുടക്കമാണിതെന്നും അതിജീവിതകൾക്കുള്ള നീതിയുടെ തുടക്കമാണിതെന്നും റിനി പറഞ്ഞു. സഹോദരിമാരുടെ സന്തോഷത്തിൽ താനും പങ്കുചേരുന്നുലെന്നും ഇനിയും അതിജീവിതമാരുണ്ട്. അവരും തങ്ങളുടെ നീതി കണ്ടെത്തണമെന്നും നടി പറഞ്ഞു.
രാഹുലിനെ പുറത്താക്കിയ നടപടിയിൽ റിനി കോൺഗ്രസിന് നന്ദി പറഞ്ഞു. ഇപ്പോഴെങ്കിലും പാർട്ടി സ്ത്രീപക്ഷ നിലപാടെടുത്തതിൽ എല്ലാ നന്ദിയും പറയുന്നുവെന്നും റിനി പ്രതികരിച്ചു. തനിക്ക് ഒരുപാട് സൈബർ ആക്രമണം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം താൻ കെട്ടിച്ചമച്ചതാണെന്ന വാദത്തെ തകർക്കുന്ന ആദ്യ സൂചനയാണ് കോടതി നൽകിയതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.

