
റിയാദ്: സൗദിയിൽ ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനകാര്യത്തിൽ തിങ്കളാഴ്ച ചേർന്ന കോടതി സിറ്റിംഗിലും തീരുമാനമുണ്ടായില്ല. കോടതി റിയാദ് ഗവർണറേറ്റിനോട് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്‍റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ലഭ്യമാക്കിയ ശേഷമായിരിക്കും അടുത്ത സിറ്റിങ്. പുതിയ തീയതി കോടതി പിന്നീട് അറിയിക്കും.
തുടർച്ചയായ ഒമ്പതാം തവണയാണ് കോടതി കേസ് മാറ്റിവയ്ക്കുന്നത്. രാവിലെ 10ന് തുടങ്ങിയ ഓൺലൈൻ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. സിറ്റിങ് പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തിരുന്നു.
ജൂലൈ 2ന് അബ്ദുൾ റഹീമിന്‍റെ വധശിക്ഷ കോടതി റദാക്കിയെങ്കിലും ഇതോടെ ജയിൽ മോചനം വൈകുകയാണ്. 34 കോടിയോളം രൂപ ദയാദനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി 5 മാസം മുമ്പാണ് ഒഴിവാക്കിയത്. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നതെന്നാണ് വിവരം.