ഖത്തറിൽ കെഎംസിസി ഓഫീസ് കവർച്ച; മുഖ്യപ്രതി ഒരു വർഷത്തിനുശേഷം കീഴടങ്ങി

കഴിഞ്ഞ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചയാളാണ് മുഖ്യപ്രതി
Robbery at KMCC office in Qatar; prime suspect surrenders after a year

ഖത്തറിൽ കെഎംസിസി ഓഫീസ് കവർച്ച; മുഖ്യപ്രതി ഒരു വർഷത്തിനുശേഷം കീഴടങ്ങി

file image

Updated on: 

കോഴിക്കോട്: ഖത്തറിലെ ദോഹയിലുള്ള കേരള മുസ്ലിം കൾച്ചറൽ സെന്‍റർ (കെഎംസിസി) ഓഫീസിൽ നിന്ന് 31 ലക്ഷം ഖത്തർ റിയാൽ (ഏകദേശം എട്ട് കോടി രൂപ) കവർന്ന കേസിൽ മുഖ്യപ്രതികളിലൊരാൾ പൊലീസിൽ കീഴടങ്ങി. കൊയിലാണ്ടി സ്വദേശി പറപ്പിൽ ബാലകൃഷ്ണൻ ആണ് കീഴടങ്ങിയത്. കവർച്ച നടന്ന് ഒരു വർഷത്തോളമാകുമ്പോഴാണ് ബുധനാഴ്ച കൊയിലാണ്ടി പൊലീസിന് മുന്നിൽ ഇയാളുടെ കീഴടങ്ങൽ.

2025 സെപ്റ്റംബർ 18ന് ദോഹയിലെ അൽ തുമാമയിലുള്ള കെഎംസിസി ഓഫീസിലായിരുന്നു കവർച്ച. മുറിയിലെ ജീവനക്കാരനെ കെട്ടിയിട്ടശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ‌ മുറി തകർത്ത് പണം കവർന്നെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കവർച്ച നടത്തുന്നതിനായി ബാലകൃഷ്ണൻ അടക്കം നാല് പേരെ കേരളത്തിൽ നിന്ന് വിമാനമാർഗം ഖത്തറിലെത്തിച്ചിരുന്നു. സംഭവത്തിനുശേഷം ബാലകൃഷ്ണൻ കേരളത്തിലേക്ക് മടങ്ങിയിരുന്നു. വിദേശ മലയാളികൾക്കായുള്ള ക്ഷേമനിധിയിൽ നിന്നുള്ള പണമാണ് കവർന്നത്.

ഷാജി, അസൈനാർ, റാഷി പയ്യോളി, റൊട്ടാന റസാഖ്, സാലിഹ് എന്ന ബാവ, കക്കാച്ചി കമറു, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ബാലകൃഷ്ണനെ ചോദ്യം ചെയ്തുവരികയാണെന്നും മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളിൽ ചിലർ നിലവിൽ വിദേശത്താണെന്നും പൊലീസ് വ്യക്തമാക്കി.

കവർച്ച നടന്ന ഉടൻ പരാതി ലഭിക്കാത്തതിനാൽ സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കെഎംസിസിക്കും മുസ്ലിം ലീഗിനുമെതിരേ വിമർശനമുയർന്നതിനെ തുടർന്ന് ഖത്തർ കെഎംസിസി വൈസ് പ്രസിഡന്‍റ് പി.കെ. അബ്ദുൽ റഹീം ഈ വർഷം സെപ്റ്റംബർ 15ന് കൊയിലാണ്ടി പൊലീസിനെ സമീപിച്ചു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കവർച്ചയിൽ കെഎംസിസിയുമായി ബന്ധപ്പെട്ടവർക്കും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചയാളാണ് ബാലകൃഷ്ണൻ. കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് ബിജെപിയുടെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com