

ഖത്തറിലെ കെഎംസിസി ഓഫീസ് കവർച്ച; കേസിൽ രണ്ട് പേർ കൂടി പ്രതികൾ
കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസിൽ നിന്ന് 31 ലക്ഷം ഖത്തർ റിയാൽ (ഏകദേശം എട്ട് കോടി രൂപ) കവർന്ന കേസിൽ രണ്ട് പേരെക്കൂടി പ്രതിചേർത്ത് പൊലീസ്. പയ്യോളി സ്വദേശികളായ കമ്മറുദീൻ, 'റൊട്ടാന റസാഖ്' എന്നറിയപ്പെടുന്ന അബ്ദുൽ റസാഖ് കുന്നുമ്മൽ എന്നിവരെയാണ് കേസിൽ പ്രതികളാക്കിയത്.
2025 സെപ്റ്റംബർ 18നാണ് ദോഹയിലെ അൽ തുമാമയിലുള്ള കെഎംസിസി ഓഫീസിൽ കവർച്ച നടന്നത്. കെഎംസിസി ഭാരവാഹികളുടെ പരാതിയിൽ സെപ്റ്റംബർ 15ന് കൊയിലാണ്ടി പൊലീസ് ആറ് പേർക്കെതിരേ കേസെടുത്തിരുന്നു.
കവർച്ചയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് നാലംഗ സംഘത്തെ ഖത്തറിലേക്ക് എത്തിച്ചതായി ആരോപിക്കപ്പെടുന്നവരിൽ ഒരാളായ കൊയിലാണ്ടി സ്വദേശിയായ ബിജെപി പ്രാദേശിക നേതാവ് പറപ്പിൽ ബാലകൃഷ്ണൻ ബുധനാഴ്ച കൊയിലാണ്ടി പൊലീസിൽ കീഴടങ്ങിയിരുന്നു. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതോടെയാണ് മറ്റ് രണ്ട് പേരുടെ പങ്ക് അന്വേഷണസംഘത്തിന് വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച റിപ്പോർട്ട് ബന്ധപ്പെട്ട കോടതിയിൽ സമർപ്പിച്ചു. വിദേശത്തുള്ള അഞ്ച് പ്രതികൾക്കെതിരേ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഷാജി, റാഷി, ഹസൻ, നിസാർ, സാലിഹ് എന്നിവർക്കെതിരെയാണ് നടപടി.
കഴിഞ്ഞയാഴ്ച റസാഖിനെ മുസ്‌ലിം ലീഗിന്‍റെയും കെഎംസിസിയുടെയും എല്ലാ സംഘടനാ പദവികളിൽ നിന്നും പാർട്ടി നേതൃത്വം നീക്കിയിരുന്നു.