
കോയമ്പത്തൂര്‍: കഴിഞ്ഞദിവസം തമിഴ്നാട് മോട്ടൊർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടു നൽകി. പെർമിറ്റ് ലംഘനത്തിനു പിഴയൊടുക്കിയ ശേഷമാണു ബസ് വിട്ടു നൽകിയത്. ഗാന്ധിപുരം ആർടിഒയാണു ബസ് പിടിച്ചെടുത്തത്.
അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്കു സർവീസ് നടത്തിയ ആദ്യദിവസം പിഴയൊടുക്കിയ ശേഷം തമിഴ്നാട് എംവിഡി വിട്ടയച്ചെങ്കിലും, രണ്ടാം ദിവസം ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പതിനായിരം രൂപ പിഴ അടച്ചതിനു ശേഷമാണു ഉടമ ഗിരീഷിനു ബസ് വിട്ടുനൽകാൻ തയാറായത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍ടിഒയുടെതാണ് നടപടി. സര്‍വീസ് ഉടൻ പുനഃരാരംഭിക്കുമെന്ന് ഉടമ അറിയിച്ചു.
ശനിയാഴ്ചയാണ് റോബിൻ ബസിന്റെ ആദ്യയാത്ര ആരംഭിച്ചത്. അന്നു കേരളത്തിൽ നാലിടത്ത് ബസ് തടഞ്ഞ് എംവിഡി 37,500 രൂപ പിഴയടപ്പിച്ചിരുന്നു. അന്നേദിവസം തമിഴ്നാട്ടിലും 70,140 രൂപ പിഴ ചുമത്തി. എന്നാൽ രണ്ടാം ദിവസം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം പലയിടത്തും റോബിൻ ബസിനു പൊതുജനങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം ലഭിച്ചിരുന്നു. എംവിഡി ഉദ്യോഗസ്ഥർക്കെതിരേ കനത്ത പ്രതിഷേധവും ഉയർന്നു.
എംവിഡിയുടെ പരിശോധന ഇതേരീതിയിൽ തുടർന്നാൽ സർവീസ് നിർത്തിവയ്ക്കുമെന്നു ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ആഡംബര ബസുടമകളെ മോട്ടൊർ വാഹന വകുപ്പ് ദ്രോഹിക്കുകയാണെന്നും പതിനയ്യായിരം രൂപ വരെ പിഴ ഈടാക്കുന്നുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. എംവിഡിക്കെതിരേ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.