''രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന ഛിദ്രശക്തികൾക്കെതിരേ പോരാടണം''; മന്ത്രി റോഷി അഗസ്റ്റിൻ

ലോകത്തെ സൂപ്പർ പവർ എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്
''രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന ഛിദ്രശക്തികൾക്കെതിരേ പോരാടണം''; മന്ത്രി റോഷി അഗസ്റ്റിൻ

കോട്ടയം: രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന ഛിദ്രശക്തികൾക്കെതിരേ ജീവൻ നൽകിയും പോരാടണമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പരേഡിൽ അഭിവാദ്യമർപ്പിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം നേടി 77 വർഷങ്ങൾ കഴിഞ്ഞപ്പോൾ നമ്മുടെ രാജ്യം വളരെയധികം മുന്നേറി. ലോകത്തെ സൂപ്പർപവർ എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം വൈദ്യശാസ്ത്രം വിദ്യാഭ്യാസം, സാങ്കേതികം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി പ്രാപിച്ചു. നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുകയും നമ്മുടെ സ്വാതന്ത്ര്യം അതേപടി നിലനിർത്തുകയും ചെയ്യേണ്ടത് ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ നമ്മുടെ കടമയാണ്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗങ്ങളെ നാം ഓർക്കണമെന്നും മന്ത്രി പറഞ്ഞു.

കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസറായ ടി. ശ്രീജിത്തായിരുന്നു പരേഡ് കമാൻഡർ. പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ച പ്ലാറ്റൂണുകൾക്കുള്ള ഒന്നാം സ്ഥാനത്തിന് പൊലീസ് ജില്ലാ ആസ്ഥാനത്തെ റിസർവ് സബ് ഇൻസ്‌പെക്റ്റർ എൻ. അനിൽകുമാർ നയിച്ച കേരള സിവിൽ പൊലീസും രണ്ടാം സ്ഥാനം കടുത്തുരുത്തി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്റ്റർ നിതിൻ തോമസ് നയിച്ച എക്‌സൈസും സ്വന്തമാക്കി. എൻസിസി സീനിയർ വിഭാഗത്തിൽ ബസേലിയസ് കോളെജ് ഒന്നാം സ്ഥാനവും എം.ഡി സെമിനാരി രണ്ടാം സ്ഥാനവും നേടി. എൻ.സി.സി ജൂനിയർ ഡിവിഷൻ വിഭാഗത്തിൽ വടവാതൂർ ജവഹർ നവോദയ(ആൺകുട്ടികൾ) ഒന്നാം സ്ഥാനവും വടവാതൂർ ജവഹർ നവോദയ(പെൺകുട്ടികൾ) രണ്ടാം സ്ഥാനവും നേടി.

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് വിഭാഗത്തിൽ ഏറ്റുമാനൂർ ജി.എം.ആർ.എസ് ഒന്നാംസ്ഥാനവും മണർകാട് സെന്റ് മേരീസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. ജൂനിയർ റെഡ്‌ക്രോസ് വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ് ഒന്നാം സ്ഥാനവും എം.ഡി. സെമിനാരി എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. സ്‌കൗട്ട് വിഭാഗത്തിൽ കുടമാളൂർ സെന്റ് മേരീസ് യു.പി. സ്‌കൂൾ ഒന്നും പള്ളം സി.എം.എസ്. എച്ച്.എസ് രണ്ടാം സ്ഥാനവും നേടി. ഗൈഡ്സ് വിഭാഗത്തിൽ കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസ് ഒന്നും മൗണ്ട് കാർമൽ ജി.എച്ച്.എസ് രണ്ടും സ്ഥാനം നേടി. ബാൻഡ് പളാറ്റൂണുകളിൽ കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ് ഒന്നും ഏറ്റുമാനൂർ എസ്.എഫ്.എസ് പബ്‌ളിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളെജ് രണ്ടും സ്ഥാനം നേടി.

വിജയികൾക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ട്രോഫി സമ്മാനിച്ചു. 2022ലെ സായുധസേനാ പതാകനിധിയിലേക്ക് കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കൂടുതൽ തുക സമാഹരിച്ച പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, വിദ്യാഭ്യാസേതര സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കൂടുതൽ തുക സമാഹരിച്ച കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്(ജനറൽ) കോട്ടയം ജോയിന്റ് രജിസ്ട്രാർ ഓഫീസ് എന്നിവയ്ക്കുള്ള പുരസ്‌കാരവും മന്ത്രി സമ്മാനിച്ചു.

തോമസ് ചാഴികാടൻ എം.പി, ജില്ലാ കലക്റ്റർ വി. വിഗ്‌നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, എ.സി.പി നകുൽ ദേശ്മുഖ്, അയർക്കുന്നം എസ്.എച്ച്.ഒ അശ്വതി ജിജി, എഡിഎം റെജി പി. ജോസഫ്, ആർഡിഒ വിനോദ് രാജ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com