
കൊച്ചി: കൊച്ചിയിൽ വീണ്ടും പഴകിയ മാംസം പിടികൂടി. നെട്ടൂരിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരു സ്ഥാപനത്തിൽ നിന്നാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പഴകിയ ബീഫ് പിടികൂടിയത്. ആലുവ സ്വദേശി സലാമാണ് കട നടത്തി വന്നിരുന്നത്. മറച്ചുകെട്ടിയ ഒരു ഷെഡ്ഡിലായിരുന്നു ഇറച്ചി വിൽപ്പന. ഇന്ന് രാവിലെ ഇവിടെ നിന്നും ഇറച്ചി വാങ്ങിയ പൊലീസുകാരന് ഇത് പഴകിയതാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. വീട്ടിലെത്തിപ്പോഴേക്കും മാംസത്തിൽ നിന്നും ദുർഗന്ധം വമിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ കടക്കാരനെ സമീപിച്ചപ്പോൾ പഴകിയതല്ല, പരാതിയുണ്ടെങ്കിൽ ഇറച്ചി മാറ്റിത്തരാം എന്ന് പറയുകയായിരുന്നു. തുടർന്ന് പൊലീസുകാരൻ കോർപ്പറേഷൻ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കടയിൽ സൂക്ഷിച്ചിരുന്ന 8 കിലോയോളം ഇറച്ചി പിടിച്ചെടുത്തത്. കട അടപ്പിച്ചതായി കോർപ്പറേഷൻ പറഞ്ഞു. ഇതിനോടകം ഇന്ന് 13 കിലോയോളം ഇറച്ചി ഈ കടയിൽ നിന്നും വിറ്റിട്ടുണ്ട്. ഇറച്ചി വാങ്ങിയവര്‍ അത് ഉപയോഗിക്കരുതെന്ന് കോര്‍പ്പറേഷൻ കൗൺസിലര്‍ മുന്നറിയിപ്പ് നല്‍കി.