സംസ്ഥാനത്ത് ധനപ്രതിസന്ധി രൂക്ഷം; കൊമ്പ് കോർത്ത് കേന്ദ്ര- സംസ്ഥാന മന്ത്രിമാർ

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലി കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ വാക്പോര്.
സംസ്ഥാനത്ത് ധനപ്രതിസന്ധി രൂക്ഷം; കൊമ്പ് കോർത്ത് കേന്ദ്ര- സംസ്ഥാന മന്ത്രിമാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലി കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ വാക്പോര്. ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ ബാലഗോപാലും കുറ്റപ്പെടുത്തിയിരുന്നത്. എന്നാൽ കേന്ദ്ര ഫണ്ടുകളുടെ വിവരങ്ങളടക്കം ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി വി.മുരളീധരൻ ഗ്രാന്‍റ് ലഭിക്കാത്തത് സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണെന്ന് ആരോപിച്ചു. ഇതോടെ കേന്ദ്രമന്ത്രിക്കു മറുപടിയുമായി ധനമന്ത്രി രംഗത്തെത്തി.

മുരളീധരന്‍ പറഞ്ഞതു തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന്‍റെ ഖജനാവും ജനങ്ങളുടെ താത്പര്യവും നോക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്വം. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാനുള്ള തുക സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം തടയുകയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ജിഎസ്‌ടി നിയമം പാസാക്കിയപ്പോൾ തന്നെ സംസ്ഥാനം ഭിക്ഷാപാത്രവുമായി കേന്ദ്രത്തിനു അടുത്തേക്ക് പോകേണ്ടി വരുമെന്ന് പറഞ്ഞതാണ്. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്രം പറയുന്നത് കേട്ടോളണമെന്ന ഭാഷ്യമാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്. ധനകാര്യ കമ്മീഷന്‍റെ കണക്ക് പ്രകാരം കേന്ദ്രത്തിന് കൊടുക്കുന്ന 100 രൂപയിൽ 1.80 രൂപയാണ് കേരളത്തിന് തിരികെ കിട്ടുന്നത്. കേന്ദ്ര സർക്കാരിന്‍റെ സൗകര്യം അനുസരിച്ചാണ് സംസ്ഥാനത്തിന് പണം കിട്ടുന്നത്. ജനങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന പണം പോലും കൊടുപ്പിക്കാതിരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ബാലഗോപാൽ വിമർശിച്ചു. വിഴിഞ്ഞം പദ്ധതിയിലെ കാപ്പക്‌സ് ഫണ്ട് ഓരോ മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെക്കുന്നുണ്ടെന്നും ബാലഗോപാല്‍ ആരോപിച്ചു.

ഏതെങ്കിലും സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി ഫണ്ടുകള്‍ തടഞ്ഞുവെക്കുന്നതാണോ സംസ്ഥാനസര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനമെന്നും അദ്ദേഹം ചോദിച്ചു. കേരളം നേരിടുന്നത് സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയാണെന്നും കേന്ദ്രസര്‍ക്കാരിന്‍റെ രണ്ടാം ഗഡുവിനായി കേരളസര്‍ക്കാര്‍ അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആരോപിച്ചത്. അതേസമയം, മുരളീധരന്‍ കേരളത്തിലെ ജനങ്ങളെ മണ്ടന്മാരാക്കുന്നുവെന്ന് ബാലഗോപാല്‍ പറഞ്ഞു. കൂടാതെ വിഷയത്തില്‍ വി. മുരളീധരന്‍ കള്ളം പറയുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ചൂണ്ടിക്കാട്ടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com