കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍ ഇരുമുന്നണികളുടേയും പിന്തുണയോടെ റോയി ഫിലിപ്പ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അഞ്ച് എല്‍.ഡി.എഫ്., അഞ്ച് യു.ഡി.എഫ്., രണ്ട് ബി.ജെപി, ഒരു സ്വതന്ത്രന്‍ എന്നായിരുന്നു കക്ഷി നില
കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍ ഇരുമുന്നണികളുടേയും പിന്തുണയോടെ റോയി ഫിലിപ്പ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു

കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍ ഇരുമുന്നണികളുടേയും പിന്തുണയോടെ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിനൊപ്പം ചേക്കേറിയ റോയി ഫിലിപ്പ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അഞ്ച് എല്‍.ഡി.എഫ്., അഞ്ച് യു.ഡി.എഫ്., രണ്ട് ബി.ജെപി, ഒരു സ്വതന്ത്രന്‍ എന്നായിരുന്നു കക്ഷി നില. യു.ഡി.എഫ്. ജില്ലാ ചെയര്‍മാനും ഡി.സി.സി. പ്രസിഡന്‍റും ചേര്‍ന്ന് ഒരുക്കിയ കരാറില്‍ ആദ്യ രണ്ട് വര്‍ഷം ഡി.സി.സി. പ്രസിഡന്‍റ് നിര്‍ദ്ദേശിക്കുന്നയാളും, അടുത്ത രണ്ട് വര്‍ഷം കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നിര്‍ദ്ദേശിക്കുന്നയാളും അവസാന വര്‍ഷം റ്റി.റ്റി.വാസുവിനും എന്നായിരുന്നു കരാര്‍.

എന്നാല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി മല്‍സരിച്ച ജിജി വർഗീസ് ജോണ്‍ പ്രസിഡന്‍റായി മല്‍സരിച്ചപ്പോള്‍ വാസു ജിജിക്ക് ചെയ്ത വോട്ട് അസാധുവായതിനെ തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ ജിജി പ്രസിഡന്‍റായി. ജിജിയുടെ കാലാവധി രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫിലെ കേരളാ കോണ്‍ഗ്രസ് പ്രതിനിധികളായ റോയി ഫിലിപ്പും, സാലി ഫിലിപ്പും പ്രസിഡന്റ് പദം ആവശ്യപ്പെട്ട് മുന്നണി നേതൃത്വത്തെ സമീപിച്ചു. കേവല ഭൂരിപക്ഷമില്ലാത്തതിനാലും സ്വതന്ത്രന്റെ നിലപാട് വിശ്വസനീയമല്ലന്നും പറഞ്ഞ് നേതൃത്വം ഇതിനെ അനുകൂലിച്ചില്ല.

യു.ഡി.എഫിലെ അസ്വാരസ്യം മുതലാക്കി അവിശ്വാസപ്രമേയത്തിന് കഴിഞ്ഞ മാസം എല്‍.ഡി.എഫ്. നല്‍കിയ നോട്ടീസില്‍ കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പ് വെച്ചതിനെ തുടര്‍ന്ന് പ്രസിഡന്‍റ് ജിജി വറുഗീസ് ജോണ്‍ ഫെബ്രുവരി 22 ന് രാജി വച്ചു. കേരളാ കോണ്‍ഗ്രസ് അംഗം റോയി ഫിലിപ്പിനെ സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചെങ്കിലും റോയി ഫിലിപ്പ് എല്‍.ഡി.എഫ്. മുന്നണിക്കൊപ്പമാണന്ന് വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വരണാധികാരി പ്രസിഡന്‍റിന്‍റെ പേര് ഒരാള്‍ നിര്‍ദ്ദേശിക്കുകയും ഒരാള്‍ പിന്‍താങ്ങുകയും ചെയ്യണമെന്ന നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ജിജി വറുഗീസ് ജോണ്‍ മുന്നണി വിട്ട റോയി ഫിലിപ്പിന്റെ പേര് നിര്‍ദ്ദേശിക്കുകയും കോണ്‍ഗ്രസ് പ്രതിനിധി റാണി കോശി പിന്തുണയ്ക്കുകയും ചെയ്തതിനൊപ്പം എല്‍.ഡി.എഫ്.അംഗം ബിജോ പി.മാത്യു നിര്‍ദ്ദേശിക്കുകയും ബിജിലി പി.ഈശോ പിന്തുണയ്ക്കുകയും ചെയ്തു.

രണ്ട് അംഗങ്ങളുളള ബി.ജെ.പി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഹാളില്‍ ഹാജരായ 11 അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റായി റോയി ഫിലിപ്പ് സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളുടേയും പിന്തുണ ലഭിച്ചതിന് നന്ദിയുണ്ടന്നും താന്‍ എല്‍.ഡി.എഫിനൊപ്പമാണെന്ന നിലപാടില്‍ മാറ്റമില്ലന്നും പ്രസിഡന്‍റ് റോയി ഫിലിപ്പ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com