
തിരുവന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ വാർഷികപരിപാടിയിൽ തിരുവിതാംകൂറിലെ മുൻ രാജകുടുംബം പങ്കെടുത്തില്ല. പരിപാടിയുടെ നോട്ടീസ് വിവാദമായതിന് പിന്നാലെയാണ് തീരുമാനം.
മുൻ തിരുവിതാംകൂർ രാജകുടുബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, ഗൗരി പാർവതിബായി എന്നിവരെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. മുൻ രാജകുടുബത്തെയും കുടുംബാംഗങ്ങളെയും അതിരുവിട്ട് പുകഴ്ത്തുന്ന തരത്തിലാണ് നോട്ടീസ് അച്ചടിച്ചത്.
ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നലെ നോട്ടീസ് പിൻവലിച്ചിരുന്നു. ബോധപൂർവം അവഹേളിക്കാൻ അവസരമുണ്ടാക്കിയ സാഹചര്യത്തിൽ പ്രതിഷേധസൂചകമായി പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും മുൻ രാജകുടുംബത്തിലെ അംഗങ്ങൾ അറിയിച്ചു.