
'മേരി സഹേലി' പദ്ധതിക്ക് കീഴിൽ പുതിയ ഉദ്യമവുമായി ആർപിഎഫ്; ഇനി വനിതകൾക്ക് കൂടുതൽ സുരക്ഷിതമായി യാത്രചെയ്യാം
തിരുവനന്തപുരം: വനിതാ യാത്രികരുടെ, പ്രത്യേകിച്ച് ഒറ്റയ്ക്കു യാത്ര ചെയ്യുന്നവരുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താൻ പാലക്കാട് ഡിവിഷനിലെ റെയ്‌ൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) "മേരി സഹേലി'' എന്ന പരിപാടിക്ക് കീഴിൽ പുതിയ ഉദ്യമം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി, ഡിവിഷനിലെ അഞ്ചു പ്രധാന സ്റ്റേഷനുകളിൽ പ്രത്യേക ആർപിഎഫ് സംഘങ്ങളെ വിന്യസിച്ചു.
ഈ സംഘങ്ങൾ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വനിതകളെ കണ്ടെത്തി സുരക്ഷാ കരുതലുകളെക്കുറിച്ച് അവരെ ബോധവത്കരിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഉടനടി സഹായം ലഭിക്കാൻ ബന്ധപ്പെടാവുന്ന റെയ്‌ൽ മദദ് ഹെൽപ്‌ലൈൻ (139), ഇൻസ്റ്റഗ്രാം, സിപിജിആർഎഎംഎസ് പോലുള്ള ഡിജിറ്റൽ പരാതി പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ വിവരങ്ങൾ നൽകും. പദ്ധതി കൂടുതൽ മെച്ചപ്പെടുത്താൻ യാത്രക്കാരിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കും.
ഈ ദൗത്യത്തിനായി ആകെ 64 വനിതാ ആർപിഎഫ് ഉദ്യോഗസ്ഥരെ പ്രത്യേകം ചുമതലപ്പെടുത്തി. 11ഓളം വനിതാ ഉദ്യോഗസ്ഥർ എല്ലാ ദിവസവും ട്രെയ്‌നുകളിൽ യാത്ര ചെയ്യുന്നു. വനിതാ യാത്രക്കാരുമായി ആശയവിനിമയം നടത്തുന്നു. ഈ പദ്ധതി ഇക്കൊല്ലം 37,276 വനിതാ യാത്രികർക്ക് പ്രയോജനം ചെയ്തു.
അധിക സുരക്ഷാ നടപടികളുടെ ഭാഗമായി പ്രധാനപ്പെട്ട എല്ലാ രാത്രികാല ട്രെയ്നുകളിലും പുരുഷ, വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർ അടങ്ങിയ സമ്മിശ്ര സംഘങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്. ഈ അകമ്പടി സംഘങ്ങൾ സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും വേണ്ടി ശരീരത്തിൽ ഘടിപ്പിച്ച (ബോഡി- വോൺ) ക്യാമറകളും ഉപയോഗിക്കുന്നു. വനിതാ കോച്ചുകളിൽ മിന്നൽ പരിശോധനകളും ശക്തമാക്കി.