
കൊല്ലം: ഭിന്നശേഷിക്കാരന് നൽകിവന്ന ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ നിഷേധിക്കുകയും, ഇതേവരെ വാങ്ങിയ പണം തിരിച്ചടയ്ക്കണമെന്നു നിർദേശിക്കുകയും ചെയ്തതോടെ ലക്ഷം രൂപയുടെ താത്കാലിക സഹായവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊല്ലം ജില്ലയിലെ പരവൂര്‍ കലയ്ക്കോട് സുധ നിവാസിൽ എസ്.ആര്‍. മണിദാസിനാണ് സുരേഷ് ഗോപിയുടെ കൈത്താങ്ങ്.
ഒരുലക്ഷം രൂപ മണിദാസിന്‍റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെന്നും ആവശ്യമെങ്കില്‍ ഒരുലക്ഷം രൂപ കൂടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 27കാരനായ മണിദാസിന് സംസാരശേഷിയില്ല. ഡൗൺ സിൻഡ്രത്തിന് പുറമേ 80 ശതമാനം ബുദ്ധിവൈകല്യവും ചലനവൈകല്യമടക്കം മറ്റു പല പ്രശ്നങ്ങളുമുണ്ട്.
വാര്‍ഷിക വരുമാനം ഒരുലക്ഷത്തിലധികമുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് മണിദാസിന് ഭിന്നശേഷി ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. 13 വർഷത്തിനിടെ വാങ്ങിയ 1.23 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ധനവകുപ്പിന്‍റെ നിർദേശപ്രകാരം പഞ്ചായത്ത് അധികൃതർ കത്ത് നൽകി.
സർക്കാർ സ്കൂളിൽ തയ്യൽ അധ്യാപികയായിരുന്ന അമ്മ കെ. സുധാമണിക്ക് സർക്കാർ പെൻഷനുണ്ടെന്ന കാരണം പറഞ്ഞായിരുന്നു നടപടി. മണിദാസ് വികലാംഗ പെൻഷന് അപേക്ഷിക്കുമ്പോൾ അമ്മയ്ക്ക് തുച്ഛമായ പെൻഷനേ ഉണ്ടായിരുന്നുള്ളു. 2022ലാണ് പെൻഷനിൽ വർധയുണ്ടായത്. ഇതിന്‍റെ പേരിലാണ് ഇതേവരെ വാങ്ങിയ പെൻഷൻ തുക ഒരാഴ്ചയ്ക്കകം തിരിച്ചടയ്ക്കണമെന്ന നിർദേശമുണ്ടായത്.
70 വയസ് പിന്നിട്ടവരാണ് മാതാപിതാക്കൾ. അച്ഛന് പ്രത്യേകിച്ച് വരുമാനമില്ല. അമ്മയുടെ പെൻഷൻ മകന്‍റെ ചികിത്സയ്ക്കു പോലും തികയില്ല. വീട്ടുകാര്യം നടത്തിക്കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഇതേവരെ മണിദാസ് വാങ്ങിയ തുക മുഴുവൻ തിരിച്ചടയ്ക്കണമെന്ന നിർദേശമെത്തിയത്. കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ലാത്ത കുടുംബത്തിന് അതോടെ കിടപ്പാടം വിൽക്കേണ്ട അവസ്ഥയായി.
ഈ വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് സുരേഷ് ഗോപി സഹായവുമായെത്തിയത്. ""ആ അമ്മയ്ക്ക് സര്‍ക്കാര്‍ ഈ തുക തിരികെ കൊടുക്കുമെങ്കില്‍ കൊടുത്തോട്ടെ. പക്ഷേ, സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ഒരു കൈത്താങ്ങാണ് ഞാന്‍ നല്‍കിയത്. ആ അമ്മയുടെ അവസ്ഥ ഞാന്‍ കണ്ടതാണ്. അപ്പോൾ തന്നെ വീട്ടില്‍ വിളിച്ച് പണം അയക്കാന്‍ രാധികയോട് പറഞ്ഞു. ഇനിയൊരു 10 വര്‍ഷത്തേക്കു കൂടി പെന്‍ഷന്‍റെ രൂപത്തില്‍ ഒരുലക്ഷം രൂപ ആ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ അതും ഞാന്‍ നല്‍കാന്‍ തയാറാണ്. പറ്റിയാല്‍ മണിദാസിനെ സന്ദര്‍ശിക്കും'', സുരേഷ് ഗോപി പറഞ്ഞു.
സമാന അവസ്ഥയിലുള്ള മറ്റ് നിരവധി ഭിന്നശേഷിക്കാരോടും ഇതേവരെ കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചടയ്ക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന.