പാലക്കാട് ശ്രീനിവാസൻ വധം; പ്രതികൾക്കു ജാമ്യം നൽകിയതിനെതിരേ എൻഐഎ സുപ്രീം കോടതിയിൽ

കഴിഞ്ഞ ജൂൺ 25നാണ് 17 പ്രതികൾക്കു ജാമ്യം ലഭിച്ചത്
Palakkad Srinivasan's murder; The NIA has moved the Supreme Court against the granting of bail to the accused
പാലക്കാട് ശ്രീനിവാസൻ വധം; പ്രതികൾക്കു ജാമ്യം നൽകിയതിനെതിരേ എൻഐഎ സുപ്രീം കോടതിയിൽ
Updated on

ന്യൂഡൽഹി: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വധിച്ചകേസിൽ പ്രതികളായ 17 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച കേരള ഹൈക്കോടതി വിധിക്കെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സുപ്രീം കോടതിയെ സമീപിച്ചു.

ജസ്റ്റിസുമാരായ എ.എസ്. ഓക, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരുടെ ബെഞ്ചിനു മുൻപാകെ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി 17 വ്യത്യസ്ത അപ്പീലുകളാണു സമർപ്പിച്ചത്. കഴിഞ്ഞ ജൂൺ 25നാണ് 17 പ്രതികൾക്കു ജാമ്യം ലഭിച്ചത്. ഒമ്പതു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തു.

17 പ്രത്യേകാനുമതി ഹർജികളാണു നൽകിയതെന്നും കോടതി ഇവ ഒരുമിച്ചു പരിഗണിക്കണമെന്നും ഐശ്വര്യ ഭട്ടി ആവശ്യപ്പെട്ടു. ഹൈക്കോടതി ജാമ്യം നിരസിച്ച പ്രതി എം.കെ. സദ്ദാം ഹുസൈന്‍റെ ഹർജി പരിഗണിക്കുകയായിരുന്ന കോടതി മുഴുവൻ ഹർജികളും ഒരുമിച്ചു പരിഗണിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അനുമതി തേടാൻ രജിസ്ട്രിക്കു നിർദേശം നൽകി.

നേരത്തേ, ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ, ഇതിന്‍റെ വിവരങ്ങൾ പൊലീസിനു നൽകണം, ജിപിഎസ് ലൊക്കേഷൻ വിവരങ്ങൾ മുഴുവൻ സമയവും അന്വേഷണ ഉദ്യോഗസ്ഥനു ലഭ്യമായിരിക്കണം, കേരളം വിട്ടുപോകരുത്, പാസ്പോർട്ട് പൊലീസിനു സമർപ്പിക്കണം, മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയായിരുന്നു പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

പ്രതികൾ വിചാരണക്കോടതിയിൽ ഹാജരാകണമെന്നും കൂടുതൽ നിബന്ധനകൾ അവിടെ നിന്നു ലഭിക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ ഭീകര ബന്ധത്തെക്കുറിച്ചുൾപ്പെടെ ഹൈക്കോടതി ജാമ്യ ഉത്തരവിൽ പരാമർശിച്ചിരുന്നു.

2022 ഏപ്രിൽ 16നാണ് പാലക്കാട്ടെ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെട്ടത്. തുടക്കത്തിൽ 51 പേരെയാണ് പ്രതിപ്പട്ടികയിൽ ചേർത്തത്. അറസ്റ്റിലായവരിൽ ഒരാൾ മരിച്ചു. ഏഴു പേർ ഒളിവിലാണ്. 2022 ജൂലൈയിലും ഡിസംബറിലുമായി പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com