
സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ ഗൂഗിൾ പേ വഴി കൈക്കൂലി; ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നെന്ന് വിജിലൻസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ ഗൂഗിൾ പേ വഴി വൻ കൈക്കൂലി ഇടപാട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. 21 ഉദ്യോഗസ്ഥരുടെ അനധികൃത ഇടപാടുകളാണ് വിജിലൻസ് സംഘം കണ്ടെത്തിയത്. ഏജന്‍റുമാരിൽ നിന്നാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം.
ശനിയാഴ്ച വൈകിട്ടാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്‌ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ 81 ഓഫീസുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഞായറാഴ്ച പുലർച്ചെ വരെ റെയ്ഡ് തുടർന്നു.
ഏഴുലക്ഷത്തിലധികം രൂപയാണ് ഗൂഗിൾ പേ വഴി അധികൃതർ കൈക്കൂലി വാങ്ങിയത്. ഇതിൽ ഏജന്‍റുമാരിൽ നിന്നും ഒരു ലക്ഷത്തിലധികം വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.