മുരിങ്ങൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി നശിച്ചു; യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു | Video

സർവീസ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ലോറിയിലും ഇടിച്ചതിനു ശേഷം ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ചാലക്കുടി: മുരിങ്ങൂരിൽ ദേശീയ പാതാ സർവീസ് റോഡിൽ അപകടത്തിൽ പെട്ട കാർ ഡിവൈഡറിൽ ഇടിച്ച് കത്തി നശിച്ചു. യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. മുരിങ്ങൂർ സിഗ്നലിനു സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരം പൂവാർ സ്വദേശി ഇടക്കൽ കോളനിയിൽ മാത്യുദാസിന്‍റെ മകൻ ഷാജികുമാറിന്‍റെ കാറാണ് കത്തി നശിച്ചത്. ഇയാൾ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ പ്രേഷിതനാണെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച പുലർച്ചയേയായിരുന്നു സംഭവം. സർവീസ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ലോറിയിലും ഇടിച്ചതിനു ശേഷം ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതോടെയാണ് കാറിന് തീ പിടിച്ചത്.

നാട്ടുകാർ ഓടിക്കൂടി യാത്രക്കാരനെ കാറിനുള്ളിൽ രക്ഷിക്കുകയായിരുന്നു. കൊരട്ടി പൊലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യ ലഹരിയിലാണോ അപകടമുണ്ടായതെന്ന് വ്യക്തമല്ല. ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com