

ശബരിമല സ്വർണക്കൊള്ള; ആറാം പ്രതി ശ്രീകുമാറിന് ഉപാധികളോടെ ജാമ്യം
file image
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം അപഹരിച്ചെന്ന കേസിൽ മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാറിന് ഉപാധികളോടെ ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. അറസ്റ്റിലായ 43 -ാം ദിവസമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
ദ്വാരപാലക ശിൽപ്പ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ശ്രീകുമാർ ജോലിയിൽ പ്രവേശിക്കുന്നതെന്നും കേസിന് ആസ്പദമായ രേഖകളിൽ ഒപ്പുവച്ചത് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം കണക്കിലെടുത്താണ് ജാമ്യം.
കേസന്വേഷണം നിർണായക ഘട്ടത്തിലായിരിക്കുമ്പോൾ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളി. വ്യാഴാഴ്ച വൈകിട്ടോടെ തന്നെ ശ്രീകുമാർ ജയിൽ മോചിതനായേക്കും. കേസിൽ മുരാരി ബാബുവിന് ശേഷം രണ്ടാമതായി ജാമ്യം ലഭിക്കുന്ന ആളാണ് ശ്രീകുമാർ.