
എം.ബി. സന്തോഷ്
തിരുവനന്തപുരം: ഹൈദരാബാദിലേക്ക് സംസ്ഥാനത്തു നിന്നുള്ള ഏക ട്രെയ്നായ "ശബരി' എക്സ്പ്രസ് ഷൊർണൂർ ഒഴിവാക്കി വടക്കാഞ്ചേരി വഴി പോകുന്നു. ജനുവരി ഒന്നു മുതൽ പുതിയ റൂട്ട് നടപ്പാക്കാനാണ് തീരുമാനം. മലബാർ യാത്രക്കാർക്ക് തിരിച്ചടിയാണിത്.
നേരത്തേ, കൊച്ചുവേളിയിൽ നിന്നും തിരിച്ചുമുള്ള ഗോരഖ്പുർ, കോർബ, ഇൻഡോർ ട്രെയ്നുകളും ഷൊർണൂർ ഒഴിവാക്കി വടക്കാഞ്ചേരി വഴി തിരിഞ്ഞു പോകാൻ തുടങ്ങിയിരുന്നു. അത് എതിർപ്പിനിടയാക്കാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം - സെക്കന്തരാബാദ് ട്രെയ്നിലും ഷൊർണൂർ ഒഴിവാക്കാനുള്ള തീരുമാനം. ഈ ട്രെയ്നിൽ മിക്ക ദിവസവും മുൻകൂട്ടി റിസർവ് ചെയ്യുന്നവർക്കല്ലാതെ ടിക്കറ്റ് കിട്ടാറില്ല. ജനറൽ ബോഗികളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
നിലവിൽ ശബരി ഷൊർണൂരിലെത്തിയ ശേഷം എൻജിൻ മാറ്റിവച്ച് തിരിഞ്ഞുപോവുകയാണ്. ജനുവരി ഒന്നു മുതൽ അതിന്റെ ആവശ്യമില്ലാതെ നേരിട്ട് പോകാനാവും. മലബാർ യാത്രക്കാർക്കു വേണ്ടി വടക്കാഞ്ചേരിയിൽ ട്രെയ്ൻ നിർത്തും. ഇപ്പോൾ നേരിട്ട് ഷൊർണൂരിലെത്തുന്ന മലബാർ യാത്രക്കാർക്ക് അവിടെ നിന്ന് ശബരിയിൽ കയറാമായിരുന്നു. ഇനി ഒറ്റപ്പാലത്തോ വടക്കാഞ്ചേരിയിലോ ഇറങ്ങി പല വിധത്തിൽ യാത്ര തുടരേണ്ടിവരും.
മലബാർ യാത്രക്കാരെ അവഗണിച്ച് റെയ്ൽവേ ഇത്തരമൊരു തീരുമാനമെടുത്തിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്ന എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കെതിരെ ട്രെയ്ൻ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.