
ശബരിമല വിവാദം; ഉണ്ണിക്കൃഷ്ണൻ പോറ്റിയോടും പങ്കജ് ഭണ്ഡാരിയോടും സന്നിധാനത്ത് എത്താൻ ആവശ്യം
file image
പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളി നഷ്ടപ്പെട്ട സംഭവത്തിൽ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയോടും നിർമാതാക്കളായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയോടും സന്നിധാനത്ത് എത്താൻ ആവശ്യം. ജസ്റ്റിസ് കെ.ടി. ശങ്കരനാണ് ആവശ്യപ്പെട്ടത്.
ഒക്റ്റോബർ 17ന് ശബരിമലയിൽ പതിപ്പിക്കുന്ന ദ്വാരപാലക ശിൽപ്പങ്ങളുടെ നിലവാര പരിശോധനയിൽ ഇരുവരുടെയും സാന്നിധ്യം വേണമെന്നാണ് ആവശ്യം. ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ മൂല്യ നിർണയത്തിന് ഹൈക്കോടതി ജസ്റ്റിസ് കെ.ടി. ശങ്കരനെ ചുമതലപ്പെടുത്തുകയായിരുന്നു.
2018ലാണ് ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ വാതിൽപ്പടിയുടെ സ്വർണത്തിന് തിളക്കം കുറഞ്ഞെന്ന് കണ്ടെത്തുന്നതും അറ്റകുറ്റപ്പണിക്ക് തീരുമാനിക്കുന്നതും. ഇതോടെ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലേക്ക് സ്വർണപ്പാളി കൊണ്ടുപോകുകയും ചെയ്തു.
എന്നാൽ ആന്ധ്രാപ്രദേശിലുള്ള അയ്യപ്പ ഭക്തരിൽ നിന്നും പണം പിരിച്ച് വാതിൽപ്പടി നിർമിക്കുകയും ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ വച്ച് സ്വർണം പൂശുകയായിരുന്നുവെന്നാണ് സൂചന. പിന്നീട് പോറ്റി ശിൽപ്പം പ്രദർശന വസ്തുവാക്കി പണം പിരിച്ചെന്നുമാണ് പുറത്തു വരുന്ന വിവരം. നെയ്യഭിഷേകത്തിന്‍റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷക്കണക്കിന് രൂപ പിരിച്ചതായി നേരത്തെ വിജിലൻസ് കണ്ടെത്തിട്ടുണ്ട്.