

രവത ചന്ദ്രശേഖർ
തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ. കേന്ദ്ര സേന ബിഹാർ തെരഞ്ഞെടുപ്പിനു ശേഷം എത്തുമെന്നാണ് പറഞ്ഞിരുന്നത്. എത്രയും വേഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
16ന് 60,000 തീർഥാടകരാണ് ശബരിമലയിലെത്തിയത്. 17ന് ഒരുലക്ഷത്തിൽ അധികം ആളുകൾ വന്നു. ആവശ്യമായ ക്രമീകരണങ്ങൾ പൊലീസ് ഒരുക്കിയിരുന്നു. സ്പോട്ട് ബുക്കിങിന് തിരക്കുണ്ട്. അത് കുറയ്ക്കാൻ നടപടിയെടുക്കും.
3,200 പൊലീസുകാർ ശബരിമലയിൽ ഡ്യൂട്ടിയിലുണ്ട്. ഭക്തർക്ക് ആശങ്കയുടെ ആവശ്യമില്ല. ഭക്തരുടെ വരവ് കൂടിയിട്ടുണ്ട്. പ്രതിദിനം 3,000 ബസ് വന്നിരുന്ന സ്ഥാനത്ത് 5,000 ബസ് വന്നു. വെർച്വൽ ക്യൂ മാത്രമാണെങ്കിൽ പ്രശ്നമില്ലെന്നും സ്പോട്ട് ബുക്കിങ് കൂടി വരുമ്പോഴാണ് തിരക്ക് കൂടുന്നതെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.