

ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണസംഘം വിപുലീകരിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. അന്വേഷണ സംഘത്തിൽ 2 സിഐമാരെ കൂടി ഉൾപ്പെടുത്താനാണ് കോടതി തീരുമാനം. എസ്ഐടിയുടെ ആവശ്യം അംഗീകരിച്ച് കേരള ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് നടപടിയെടുത്തത്.
അടിയന്തിര ആവശ്യമായി ഇക്കാര്യം പരിഗണിക്കണമെന്നും ഉദ്യോഗസ്ഥരെ ഉടനടി അനുവദിക്കണമെന്നുമാണ് എസ്ഐടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേസിൽ അന്വേഷണം വളരെ വേഗത്തിൽ മുന്നോട്ട് പോവുകയാണ്. ഡി മണിയുടെ സാമ്പത്തിക ഇടപാടുകൾ എസ്ഐടി പരിശോധിക്കാൻ തീരുമാനിച്ചു. ഇയാൾ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നാണ് വിവരം. താൻ ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നുമുള്ള വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ഇയാൾ. ഇത് മുഴുവൻ കളവാണെന്നും ഇയാൾ ഡി മണി തന്നെയെന്നുമാണ് എസ്ഐടിയുടെ വാദം.