ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

ശബരിമലയില്‍ സുപ്രീം കോടതിയില്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് കൊണ്ടു വരാനാണ് ശബരിമല കര്‍മ സമിതി ലക്ഷ്യമിടുന്നത്
ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും | Sabarimala gold missing row

ശബരിമലയിലെ സ്വർണം കാണാതായ വിവരം രാഷ്ട്രപതിയെ ധരിപ്പിക്കും.

Updated on

കൊച്ചി: രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ശബരിമലയിലെ സ്വര്‍ണം കാണാതായ സംഭവം ദ്രൗപദി മുര്‍മുവിന്‍റെ മുന്നില്‍ ഉന്നയിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകളുടെ സംയുക്ത വേദിയായ ശബരിമല കര്‍മ സമിതി. ഈ മാസം അവസാനമാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാനെത്തുന്നത്. ശബരിമലയില്‍ സുപ്രീം കോടതിയില്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് കൊണ്ടു വരാനാണ് കര്‍മ സമിതി ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ മാതൃകയില്‍, ശബരിമല ക്ഷേത്രത്തിന് പ്രത്യേക ഭരണസംവിധാനം രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം സുപ്രീം കോടതിയിലേക്ക് രാഷ്ട്രപതിയുടെ റഫറന്‍സ് നല്‍കാനാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവനന്തപുരത്തെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി അധ്യക്ഷനായ കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍, തന്ത്രി കുടുംബം, തിരുവിതാംകൂര്‍ രാജകുടുംബം എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഒക്ടോബര്‍ 22 ന് രാഷ്ട്രപതി ശബരിമലയിലെത്തുമ്പോള്‍ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പിടിപ്പുകേടും അഴിമതിയുമാണ് സ്വര്‍ണം കാണാതാകലിന് പിന്നിലെന്ന് കുമാര്‍ ആരോപിച്ചു.

'ശബരിമല ക്ഷേത്രം ദേശീയ പ്രാധാന്യമുള്ളതിനാല്‍, മെച്ചപ്പെട്ട ഭരണസംവിധാനം രൂപീകരിക്കുന്നതിനായി രാഷ്ട്രപതിക്ക് ഇക്കാര്യം സുപ്രീം കോടതിയില്‍ റഫര്‍ ചെയ്യാന്‍ കഴിയും. . അയോധ്യ രാമക്ഷേത്ര കേസില്‍ 1993 ല്‍ അന്നത്തെ രാഷ്ട്രപതി ഇത്തരത്തില്‍ റഫറന്‍സ് നടത്തിയിരുന്നു. പൊതു പ്രാധാന്യമുള്ള ഏതൊരു പ്രശ്‌നത്തിലും നിയമത്തിലും സുപ്രീം കോടതിയുടെ ഉപദേശം തേടാന്‍ ആര്‍ട്ടിക്കിള്‍ 143 രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നുണ്ട്.

ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയശേഷം, പള്ളി പണിയുന്നതിനുമുമ്പ് സ്ഥലത്ത് ഏതെങ്കിലും ഹിന്ദു നിര്‍മ്മിതികള്‍ നിലനിന്നിരുന്നോ എന്നതിനെക്കുറിച്ച് അന്നത്തെ പ്രസിഡന്‍റ്, ശങ്കര്‍ ദയാല്‍ ശര്‍മ 1993 ല്‍ സുപ്രീം കോടതിയുടെ അഭിപ്രായം തേടിയിരുന്നു. രാഷ്ട്രപതിയുടെ റഫറന്‍സില്‍ പ്രതികരിക്കണോ വേണ്ടയോ എന്നത് സുപ്രീം കോടതിയുടെ വിവേചനാധികാരമാണ്. 1993-ല്‍, ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ റഫറന്‍സില്‍ അഭിപ്രായം പറയാന്‍ കോടതി വിസമ്മതിച്ചിരുന്നു. ശബരിമലയില്‍ സ്വര്‍ണം കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമെന്ന് എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com