
അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപ്പാളി ശബരിമലയിൽ തിരികെ എത്തിച്ചു; കോടതി അനുമതി ലഭിച്ച ശേഷം തുടർ നടപടി
file image
പത്തനംതിട്ട: ശബരിമലയിൽ നിന്നും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപ്പാളി തിരികെ എത്തിച്ചു. ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപ്പാളിയാണ് കോടതി നിർദേശ പ്രകാരം തിരികെ എത്തിച്ചത്. കോടതി അനുമതി ലഭിച്ച ശേഷമാവും ഇത് തിരികെ സ്ഥിപിക്കുക. അത് വരെ സ്വർണപ്പാളി സ്ട്രോങ് റൂമിൽ സൂക്ഷിക്കും.
ഹൈക്കോടതി അനുമതിയില്ലാതെ സ്വർണപ്പാളി അറ്റകുറ്റപ്പണിക്കയച്ചത് വലിയ വിവാദമായിരുന്നു. ഇതോടെ വിഷയത്തിലിടപെട്ട കോടതി അന്വേഷണത്തിന് ദേവസ്വം വിജിലൻസിനെ നിയമിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കോടതിയുടെ നിർദേശമനുസരിച്ചാവും സ്വർണപ്പാളി തിരികെ സ്ഥാപിക്കുക.
മാത്രമല്ല, തന്ത്രിയുടെ നിർദേശപ്രകാരം ശുദ്ധികലശംചെയ്ത് പ്രത്യേക പൂജകളോടെയായിരിക്കും സ്വർണപ്പാളി തിരികെ സ്ഥാപിക്കുക. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി ഒരു മാസത്തിന് ശേഷമാണ് സ്വർണപ്പാളി തിരികെ സന്നിധാനത്തെത്തുന്നത്.