

കെ.പി. ശങ്കരദാസ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും കേസിലെ 11-ാം പ്രതിയുമായ കെ.പി. ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി.
റിമാൻഡിലായ ശേഷം സ്വകാര‍്യ ആശുപത്രിയിൽ കഴിയുകയായിരുന്ന ശങ്കരദാസിന്‍റെ ചികിത്സയിൽ അസ്വാഭാവികതയുണ്ടെന്ന ജയിൽ ഡോക്റ്ററുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്.
തിരുവനന്തപുരം മെഡിക്കൽ കോളെജിലെ അത‍്യാഹിത വിഭാഗത്തിലെത്തിച്ച ശേഷം ശങ്കരദാസിനെ ഹൃദ്രോഹ വിഭാഗത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം സ്വകാര‍്യ ആശുപത്രിയിലെത്തിയാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ശങ്കരദാസിനെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളികൾ കൊടുത്തുവിട്ടത് ശങ്കരദാസിന്‍റെ അറിവോടെയാണെന്ന് നേരത്തെ കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ എ. പത്മകുമാറിന്‍റെ മൊഴിയാണ് ശങ്കരദാസിന് കുരുക്കായത്. കേസിൽ ശങ്കരദാസിന്‍റെ അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതിയും രൂക്ഷമായി വിമർശനം നടത്തിയിരുന്നു.