

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ (എസ്ഐടി) അന്വേഷണം ശരിയായ ദിശയിലാണെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. കോടതി ഇക്കാര‍്യം വ‍്യക്തമാക്കിയതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മാധ‍്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രിയെ അറസ്റ്റ് ചെയ്ത കാര‍്യം പ്രത‍്യേകം പറയാനില്ലെന്നും വ‍്യത‍്യസ്ത അഭിപ്രായം ഏതെങ്കിലും ഘട്ടത്തിലുണ്ടായാൽ അപ്പോൾ പറയാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, വ‍്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതെന്നാണ് എസ്ഐടി വ‍്യക്തമാക്കുന്നത്.
കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വാതിൽ തുറന്ന് നൽകിയത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നയാളെന്ന നിലയിൽ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.