

വാസുവിനെ കൈവിലങ്ങണിയിച്ചതിൽ ഡിജിപിക്ക് അതൃപ്തി; പൊലീസുകാർക്കെതിരേ നടപടിക്ക് സാധ്യത
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും കമ്മിഷണറുമായ എൻ. വാസുവിനെ കൈവിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പൊലീസുകാർക്കെതിരേ നടപടിയെടുത്തേക്കുമെന്ന് സൂചന. പൂജപ്പുര സെന്‍ട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയത് തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ്.
ഏതൊക്കെ കേസുകളിലെ പ്രതികളെയാണ് കൈവിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കേണ്ടതെന്ന നിയമത്തിന് വിരുദ്ധമാണ് നടപടിയെന്നാണ് വിലയിരുത്തൽ. ബിഎൻഎസ് നിയമത്തിന്‍റെ ലംഘമാണിതെന്ന് കാട്ടി സ്പെഷ്യൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നൽകി. നടപടിയിൽ ഡിജിപിയും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിയുടെ പ്രായം കണക്കിലെടുത്തില്ല, നിയമം ലംഘിച്ചു എന്നിവയിൽ സർക്കാരിന് അവമതിപ്പുണ്ടെന്നും എസ്ഐടി ഉദ്യോഗസ്ഥരും അറിയാതെയാണ് ഇത് നടന്നതെന്നും എആര്‍ ക്യാമ്പിലെ പൊലീസുകാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നുമാണ് പുറത്തു വരുന്ന വിവരം.