

തന്ത്രി കണ്ഠര് രാജീവര്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. ഇതിനിടെ മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പ്രതികരിച്ചു. കൂടുതൽ ചോദ്യങ്ങൾക്ക് സ്വാമി ശരണം എന്നായിരുന്നു മറുപടി.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനക്കുശേഷം തന്ത്രിയുമായി എസ്ഐടി സംഘം കൊല്ലത്തേക്ക് കൊണ്ടു പോയി. തന്ത്രിയെ കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതിയിയിൽ ഹാജരാക്കി. തന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് എസ്ഐടി കോടതിയെ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ചോദ്യം ചെയ്യലിന് ശേഷം എസ്ഐടി തന്ത്രിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പത്മകുമാർ മൊഴി പറയുന്ന കേസിന്‍റെ മുഖ്യ സൂത്രധാരനായ ദൈവതുല്യൻ കണ്ഠര് രാജീവര് ആണെന്നാണ് നിഗമനം.
പോറ്റിക്ക് വാതിൽ തുറന്ന് നൽകിയത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പോറ്റിയുമായി തന്ത്രിക്ക് രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.തന്ത്രി ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നയാളെന്ന നിലയിൽ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.