

ഗോവർദ്ധൻ
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന സ്വർണ വ‍്യാപാരി ഗോവർദ്ധന്‍റെ ജാമ‍്യാപേക്ഷ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും. ഗോവർദ്ധൻ സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ സർക്കാരിനോട് സിംഗിൾ ബെഞ്ച് നിർദേശിച്ചു.
സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും സ്പോൺസർ എന്ന നിലയ്ക്ക് 2019ന് മുൻപായി പല തവണ 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലയ്ക്ക് നൽകിയിട്ടുണ്ടെന്നുമാണ് ഗോർവർദ്ധൻ നൽകിയ ഹർജിയിൽ പറയുന്നത്.
കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും 400 ഗ്രാമിലധികം സ്വർണമാണ് ലഭിച്ചതെന്നും എന്നാൽ ഇത് ശബരിമലയിലെ സ്വർണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ 10 ലക്ഷം രൂപ ഡിഡി ആയും 10 പവന്‍റെ മാല ശബരിമലയ്ക്ക് സംഭാവനയായി നൽകുകയായിരുന്നുവെന്ന് ഹർജിക്കാരൻ പറയുന്നു. ശബരിമല സ്വർണക്കൊള്ളക്കേസിൽ പത്താം പ്രതിയാണ് ഗോവർദ്ധൻ.