

കണ്ഠര് രാജീവര്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് അത‍്യാഹിത വിഭാഗത്തിൽ തുടരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഐസിയുവിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. ഡോക്റ്റർമാരുടെ നിർദേശ പ്രകാരമാണ് തന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം രാവിലെയോടെയാണ് ശാരീരിക അസ്വാസ്ഥ‍്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തന്ത്രിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് പ്രാഥമിക പരിശോധനകൾക്കു ശേഷം വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.
സ്വർണക്കൊള്ള കേസിലെ മുഖ‍്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വാതിൽ തുറന്ന് നൽകിയത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നയാളെന്ന നിലയിൽ അഴിമതി നിരോധന പരിധിയിലും ഉൾപ്പെടും. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.