

ശബരിമല സ്വർണക്കൊള്ള; ഇഡി റെയ്‌ഡിൽ ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ അടക്കം ലഭിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും കഴിഞ്ഞ ദിവസം നടത്തിയ റെയ്‌ഡിൽ ലഭിച്ച വിവരങ്ങൾ ക്രോഡീകരിക്കാൻ ഇഡി.
കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ലാപ്ടോപ്പുകൾ ഉൾപ്പടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധന നടത്തും.
അതേസമയം, കേസിലെ പ്രതികളായ എ, പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നീ മൂന്നു പേരുടെയും ജാമ‍്യാപേക്ഷയിൽ ഹൈക്കോടതി ബുധനാഴ്ച വിധി പറയും. കഴിഞ്ഞ ദിവസം കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പപാളിയിൽ നിന്ന് സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ കൊല്ലം വിജിലൻസ് കോടതി ജാമ‍്യം അനുവദിച്ചിരുന്നു.