

ശബരിമലയിൽ പദ്ധതിയിട്ടത് വൻ കവർച്ച; പ്രതികൾ ബെംഗളൂരുവിൽ വച്ച് രഹസ‍്യമായി കണ്ടുമുട്ടി, കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾ പദ്ധതിയിട്ടത് വൻ കവർച്ചയ്ക്കെന്ന് പ്രത‍്യേക അന്വേഷണ സംഘം. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ജ്വല്ലറി ഉടമ ഗോവർധനും കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഹൈക്കോടതിയിൽ ഗോവർധന്‍റെ ജാമ‍്യഹർജിയെ എതിർത്ത് എസ്ഐടി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര‍്യങ്ങൾ പുറത്തു വന്നിരിക്കുന്നത്. ശ്രീകോവിലിന്‍റെ പരിസരത്തുള്ള എല്ലാ സ്വർണവും കവർച്ച നടത്താനുള്ള ആസൂത്രണമാണ് ഇവർ നടത്തിയതെന്നും 2025 ഒക്റ്റോബറിൽ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ ബെംഗളൂരുവിൽ വച്ച് മൂവരും രഹസ‍്യമായി കണ്ടുമുട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹൈക്കോടതി കേസ് പരിഗണിച്ച സാഹചര‍്യത്തിൽ തന്നെ കുറ്റകൃത‍്യം മറച്ചുവയ്ക്കാനുള്ള ഗൂഢോലോചന ഇവർ നടത്തിയെന്നും എസ്ഐടി.
ശബരിമലയിൽ നിന്നും കടത്തികൊണ്ടുപോയ യഥാർഥ സ്വർണത്തിന്‍റെ മൂല‍്യം മറ്റൊന്നാണെന്നും സ്പോൺസർഷിപ്പ് തുക തതുല്ല‍്യമായി നൽകിയെന്നു പറഞ്ഞ് ഇവർക്ക് കേസിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ലെന്നും സ്വർണക്കൊള്ളയുടെ വ‍്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധന ഫലം അടക്കം പുറത്തുവരേണ്ടതുണ്ടെന്നും അതുവരെയും പ്രതികൾക്ക് ജാമ‍്യം അനുവദിക്കരുതെന്നാണ് എസ്ഐടി ആവശ‍്യപ്പെട്ടിരിക്കുന്നത്.