ശബരിമല സ്വർണക്കൊള്ള: എസ്ഐടി സർക്കാരിന്‍റെ നിയന്ത്രണത്തിലെന്ന് കെ.സി. വേണുഗോപാൽ

വര്‍ഗീയ സംഘടനകളുമായുള്ള യാതൊരു ബന്ധവും പാര്‍ട്ടിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Sabarimala gold theft, k c Venugopal against SIT

കെ.സി. വേണുഗോപാല്‍

Updated on

തൃശൂർ: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതി നിയോഗിച്ച എസ്ഐടിയുടെ പ്രവര്‍ത്തനം കേരള സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പരിധിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നും എസ്ഐടിയുടെ ചോദ്യം ചെയ്യലില്‍ പോലും സര്‍ക്കാരിന്‍റെ താത്പര്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ആരോപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.

എസ്ഐടിയുടെ വിശ്വാസ്യത ഹൈക്കോടതി തന്നെ സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. കടകംപള്ളിയെ ചോദ്യം ചെയ്തത് സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. എന്നാല്‍ കേസുമായി യാതൊരു ബന്ധവുമില്ലാത്തവരെ ചോദ്യം ചെയ്യുമ്പോള്‍, അവരുടെ പേരുകളും വിവരങ്ങളും ഉടന്‍ തന്നെ പുറത്തുവരുന്നു. ഇതില്‍ നിന്നുതന്നെ ഇരട്ടത്താപ്പ് വ്യക്തമായി മനസ്സിലാക്കാം.

തദ്ദേശ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് തന്നെയാണ് ചോദ്യം ചെയ്യലുകളുടെ തീയതികള്‍ മാറ്റിവെച്ചതെന്ന് വ്യക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഗുണം ചെയ്യുന്ന രീതിയിലാണ് ചോദ്യം ചെയ്യലുകള്‍ വൈകിപ്പിച്ചത്. യഥാര്‍ത്ഥ പ്രതികളെന്ന് പറയപ്പെടുന്നവരെ ചോദ്യം ചെയ്തിട്ടും ഒന്നും പുറത്തറിയുന്നില്ല. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതിന് കനത്ത തിരിച്ചടിയുണ്ടാകും. ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതികരണമുണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.

അടൂര്‍ പ്രകാശ് കാര്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനെ ഞങ്ങള്‍ ഭയമില്ല. കാരണം കുറ്റം ചെയ്തവര്‍ ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. അയ്യപ്പന്‍റെ സ്വര്‍ണം കവര്‍ന്നത് ആരാണെന്നും, ദേവസ്വം ബോര്‍ഡ് ഭരിച്ചിരുന്നതും ഇപ്പോള്‍ ഭരിക്കുന്നതും ആരാണെന്നും, കേരള സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആരാണെന്നും ജനങ്ങള്‍ക്കറിയാം. പിണറായി വിജയന്‍ അറിയാതെ കേരളത്തില്‍ ഒരു ഇല പോലും അനങ്ങില്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ കേസും മുന്നോട്ട് പോകുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ച വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശനവും കൃത്യവുമായ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റത്തൂര്‍ പഞ്ചായത്തില്‍ നടന്ന സംഭവങ്ങളില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. കെപിസിസിയായാലും ഡിസിസിയായാലും പാര്‍ട്ടി നിലപാട് ഒന്നുതന്നെയാണ്. പാര്‍ട്ടിയുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും. വര്‍ഗീയ സംഘടനകളുമായുള്ള യാതൊരു ബന്ധവും പാര്‍ട്ടിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com